ബ്രാംപ്ടണ്‍ (കാനഡ): ഭാരതീയ തനതു കലാരൂപങ്ങളുടെ നന്മ ലോകമെമ്പാടും പ്രചരിപ്പിക്കുക, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട “സര്‍ഗം കലാവേദി” എന്ന സംഘടനയുടെ ഉദ്‌ഘാടനം വിപുലമായ ചടങ്ങുകളോടെ കാനഡയിലെ ബ്രാംപ്ടണ്‍ ത്രിവേണി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ ജൂലൈ 22 ശനിയാഴ്ച നടന്നു.
സര്‍ഗം കലാവേദി പ്രഥമ പ്രസിഡന്റ് ജയപാല്‍ കൂടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സര്‍ഗം കലാവേദിയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഭരതനാട്യം, ദാന്‍ഡിയ നൃത്തം, ലളിത സംഗീതങ്ങള്‍, ശാസ്ത്രീയ സംഗീത കച്ചേരി, വാദ്യോപകരണ സംഗീതങ്ങള്‍ തുടങ്ങിയവ ആര്‍ഷഭാരത സംസ്കാരത്തിന്റെ പ്രതിധ്വനി മധുരോദാരമായി ഉയര്‍ന്നു കേള്‍ക്കാന്‍ ഉതകുന്നവയായിരുന്നു.
കലയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ എന്നതിലുപരി അതിര്‍വരമ്പുകളില്ലാത്ത മാനുഷിക ധര്‍മ്മങ്ങളുടെ മികച്ച മാതൃകയായ ഈ കൂട്ടായ്മയുടെ ഉല്‍ഘാടന പരിപാടികളില്‍ ബ്രാംപ്ടണും പരിസരപ്രദേശങ്ങളിമുള്ള വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ഉദ്‌ഘാടന പരിപാടികള്‍ അമൃത ജയപാല്‍, ശ്രേയ എലിസബത്ത്, വര്‍ണ ശിവകുമാര്‍, വിഭ ശിവകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലും മികച്ച അവതരണത്തിലും ശ്രദ്ധേയമായി. ജയപാല്‍ കൂടത്തില്‍ സ്വാഗതവും മുഖ്യ സ്പോണ്‍സര്‍ ആയ ജിഷ തോട്ടം ആശംസയും, സൂര്യ രവീന്ദ്രന്‍ നന്ദി പ്രകാശനവും നടത്തി. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ഉദ്ഘാടന പരിപാടികള്‍
ഭക്ഷണ വിതരണത്തോടെ സമാപിച്ചു.