കേരളത്തിന് കേന്ദ്രത്തിന്റെ ഓണ സമ്മാനം; രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര സർക്കാറിന്റെ ഓണ സമ്മാനം… രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ചുകൊണ്ട് റെയിൽവേ, റോഡ് മന്ത്രാലയം അന്തിമ തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ, പുതിയ ട്രെയിനിന്റെ റൂട്ടും സ്റ്റോപ്പുകളും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ന് രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു. അപ്പോഴാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചതായി ഉറപ്പ് നല്‍കിയത്.

കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് വൈകാതെ ഓടി തുടങ്ങും. സിൽവർ ലൈൻ അടഞ്ഞ അദ്ധ്യായമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

നിലവിൽ ഒരു വന്ദേഭാരത് ട്രെയിനാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയും തിരിച്ചുമാണ് അതിവേഗ ട്രെയിനിന്റെ പ്രവർത്തനം. ഈ ടിക്കറ്റുകൾക്ക് വൻ ഡിമാന്റാണ്. വന്ദേ ഭാരത് ജനങ്ങൾക്കിടയിൽ ഹിറ്റായതോടെയാണ് പുതിയ വന്ദേ ഭാരത് സംസ്ഥാനത്തിന് അനുവദിക്കുന്നത്.

കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കോയമ്പത്തൂർ, ബംഗളൂരു-എറണാകുളം റൂട്ടുകളിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കണമെന്ന ആവശ്യവും യാത്രക്കാരിൽ നിന്ന് ഉയരുന്നുണ്ട്. അതേസമയം, ബംഗളൂരു മുതൽ കേരളം വരെ വന്ദേ ഭാരത് എന്ന ആവശ്യവും ശക്തമാവുകയാണ്.

.

Print Friendly, PDF & Email

Leave a Comment

More News