ന്യൂഡൽഹി: മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാൽ, പ്രതിപക്ഷത്തിന് അത് ആവശ്യമില്ലെന്നും കേന്ദ്രമന്ത്രിയും രാജ്യസഭയിലെ സഭാ നേതാവുമായ പിയൂഷ് ഗോയൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചിന്താഗതിയിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മണിപ്പൂർ വിഷയം ഇന്ന് രണ്ട് മണിക്ക് സഭയിൽ (രാജ്യസഭ) ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ചിന്താഗതിയിൽ പാളിച്ചയുണ്ടെന്നും ചർച്ചയ്ക്കിടെ തങ്ങളുടെ ഇരുണ്ട വശങ്ങളും പ്രവൃത്തികളും പുറത്തുവരുമെന്ന ഭയം മൂലമാണ് മണിപ്പൂർ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു. സര്ക്കാര് എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ ഭൂരിപക്ഷവും സഭ നടത്തിപ്പിന് അനുകൂലമാണെങ്കിലും ചില പാർട്ടികൾ സഭ പ്രവർത്തിപ്പിക്കാൻ അനുവദിക്കാത്തത് അപലപനീയമാണ്.
മണിപ്പൂർ സെൻസിറ്റീവ് വിഷയമാണെന്നും ചർച്ച അനുവദിക്കണമെന്ന് കഴിഞ്ഞ 10 ദിവസമായി സർക്കാർ പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നുണ്ടെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾ സഭയ്ക്കകത്തും പുറത്തും പെരുമാറുന്ന രീതി ആശങ്കാജനകവും അപലപനീയവുമാണെന്നും ഗോയൽ പറഞ്ഞു. അർത്ഥവത്തായതും ഗൗരവമേറിയതും സെൻസിറ്റീവുമായ ചർച്ചയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, പ്രതിപക്ഷം ചട്ടങ്ങളിൽ ഉറച്ചുനിൽക്കുന്നു. കാരണം, അവർക്ക് ചർച്ച ആവശ്യമില്ല. സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നും ചർച്ച നടക്കുമ്പോഴെല്ലാം സർക്കാർ മറുപടി നൽകുമെന്നും അവിശ്വാസ പ്രമേയത്തെ കുറിച്ച് പീയൂഷ് ഗോയൽ പറഞ്ഞു.