കാസര്‍ഗോഡ്: സി.പി.ഐ.എം നേതാക്കള്‍ക്കിടയില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ അടിക്കടി പുറത്തുവന്നു കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഗണപതി ഭഗവാനേയും പുണ്യപുരാണങ്ങളേയും സ്പീക്കർ എ എൻ ഷംസീർ അധിക്ഷേപിച്ചതിന് പിന്നാലെ, ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ഇത്തവണ പരശുരാമനെയാണ് കണ്ണൂരിലെ സിപിഐഎം നേതാവായ പി ജയരാജൻ ലക്ഷ്യം വെച്ചത്. സി.പി.ഐ.എം നേതാക്കൾ ഹിന്ദു ദൈവങ്ങളെ മാത്രം ലക്ഷ്യമിടുന്നതും, മറ്റ് സമുദായങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതും വിരോധാഭാസമായി വിമര്‍ശകര്‍ വിലയിരുത്തുന്നു.
പരശുരാമനെയും കേരള തീരത്തിന്റെ ഉത്ഭവ കഥയെയും അധിക്ഷേപിച്ചാണ് പി ജയരാജൻ പ്രസംഗിച്ചത്. ഇന്നലെ കാസർഗോഡില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ അധിക്ഷേപ പരാമർശം നടത്തിയത്.
പരശുരാമൻ മഴു എറിഞ്ഞതാണ് കേരളത്തിന്റെ ഉത്ഭവം എന്നത് ബ്രാഹ്മണർ കെട്ടിച്ചമച്ച കഥയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങളെ അടിമകളാക്കാനാണ് ബ്രാഹ്മണർ കഥ മെനഞ്ഞെടുത്തതെന്നും കേരളത്തിലെ എല്ലാ ഭൂമിയിലും ബ്രാഹ്മണർക്ക് അവകാശമുണ്ടെന്ന് കഥ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കഥ ഇപ്പോഴും കെട്ടുകഥയായി പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗണപതി മിത്താണെന്നും ഈ വിശ്വാസങ്ങളും പുരാണങ്ങളും സമൂഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, മറ്റ് മതങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച് സ്പീക്കറും മൗനം പാലിച്ചു.
സ്പീക്കറെ സിപിഐഎം നേതാക്കളെല്ലാം പിന്തുണച്ചു, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങള്‍ക്കു മുന്നിൽ വന്ന് ഗണപതി കെട്ടുകഥയല്ലേ എന്ന് ചോദിച്ചു… എന്നാൽ, ഹിന്ദു സമൂഹത്തിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ പാർട്ടി സെക്രട്ടറി തന്റെ വാക്കുകൾ തിരുത്തി.
എന്നാൽ, വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാനോ ഹിന്ദു വിരുദ്ധ പ്രസ്താവന പിൻവലിക്കാനോ സ്പീക്കറോ അദ്ദേഹത്തിന്റെ പാർട്ടിയോ തയ്യാറായിട്ടില്ല.