എറണാകുളം: തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതം ഉണ്ടായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സിദ്ദിഖ് (69) അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇസിഎംഒ (എക്‌സ്‌ട്രാകോർപോറിയൽ മെംബ്രൺ ഓക്‌സിജൻ) സപ്പോര്‍ട്ടില്‍.
കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളായി. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സപ്പോർട്ടിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
1983-ൽ തന്റെ സുഹൃത്ത് ലാലിനൊപ്പം മുതിർന്ന സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിദ്ദിഖ് മലയാള സിനിമയിലേക്ക് പ്രവേശിച്ചു. റാംജി റാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നിവയുൾപ്പെടെ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ചിലത് ഇരുവരും സൃഷ്ടിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
അതിനിടെ സിദ്ദിഖിന്‍റെ ആരോഗ്യസ്ഥിതി ഗുതുതരമാണെന്ന തരത്തില്‍ വാർത്തകൾ സമൂഹ മാധ്യമങ്ങളില്‍ ഉൾപ്പടെ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ പരക്കുന്ന അഭ്യൂഹങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം പ്രതികരിച്ചു. മെഡിക്കല്‍ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുകയാണെന്നും അതിന് ശേഷമേ എന്തെങ്കിലും വിവരം പറയാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഗുരുതരമായ പ്രശ്‌നങ്ങൾ ഇല്ലെന്നും നടൻ കൂട്ടിച്ചേർത്തു.
സിദ്ദിഖ് ഇപ്പോഴും നല്ല ആരോഗ്യസ്ഥിതിയിലാണ് തുടരുന്നതെന്നും ആശുപത്രിയിലെത്തി ഡോക്‌ടർമാരുമായി താൻ സംസാരിച്ചിരുന്നുവെന്നും സംവിധായകൻ ജോസ് തോമസും പറയുന്നു. നമുക്കിനിയും പ്രതീക്ഷയുണ്ടെന്ന് തന്നെയാണ് ഡോക്‌ടർമാർ പറയുന്നത്. “അദ്ദേഹം നല്ല രീതിയില്‍ റെസ്‌പോണ്ട് ചെയ്യുന്നുണ്ട്. വളരെ സീരിയസാണെന്ന തരത്തിലുള്ള വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. അവിടുന്നും ഇവിടുന്നും കേട്ടിട്ട് പറയുന്നവർ ഒരുപാടുപേരുണ്ട്. ആദ്യമാരാണ് വാർത്ത എത്തിക്കുക എന്നൊരു മത്സരം നടക്കുന്നുണ്ടല്ലോ. അവിടുന്നാണ് ഇതെല്ലാം പൊട്ടിപ്പുറപ്പെടുന്നത്,” ജോസ് തോമസ് പ്രതികരിച്ചു.