മഞ്ചേരി: നേരം പുലർന്നു തുടങ്ങുമ്പോൾ തന്നെ, സൗജന്യ പ്രാതൽ വിതരണവുമായി സജീവമാകുന്ന ഒരു കൂട്ടം യുവാക്കളെ മഞ്ചേരി മെഡിക്കൽ കോളജിൽ ഒരു തവണയെങ്കിലും അഡ്മിറ്റ് ആയവർ മറന്നുകാണില്ല. കഴിഞ്ഞ 14 വർഷമായി മെഡിക്കൽ കോളജിനോട് ചേർന്ന് പ്രവർത്തിക്കുന്ന സോളിഡാരിറ്റി സേവനകേന്ദ്രത്തിലെ വളണ്ടിയർമാരാണ് അവർ. കോവിഡ് കാല ഘട്ടത്തിൽ പോലും സർക്കാർ സംവിധാനം ഏർപ്പെടുത്തുന്നത് വരെ രോഗികൾക്ക് പ്രാതൽ നൽകി വന്നത് സേവന കേന്ദ്രത്തിൽനിന്നായിരുന്നു. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സാന്ത്വനത്തണലേകുന്ന ബൃഹദ് കൂട്ടായ്മയായി വികസിച്ചിരിക്കുകയാണ് സോളിഡാരിറ്റി സേവന കേന്ദ്രം. പുലർച്ചെയോടെ കർമ്മ നിരതരാകുന്ന ഈ സന്നദ്ധ സേവനകൂട്ടം, ആശുപത്രിയിലെ രോഗികളുടെ ആവശ്യങ്ങൾ കണ്ടും കേട്ടും പരിഹരിച്ചും മുഴുസമയവും കർമനിരതരാണ്. പ്രാതൽ വിതരണത്തിന് പുറമെ, അർഹരായ രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായവും അവർ നൽകിപോരുന്നു. കിടപ്പിലായ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പദ്ധതി, ഡിസ്ചാർജ് ആകുന്ന രോഗികൾക്ക് വീടുകളിലെത്തി തുടർ സഹായങ്ങൾ നൽകുന്ന ഹോം കെയർ സർവീസ്, ചികിത്സാ ചെലവും മറ്റും കാരണം വസ്ത്രത്തിന് ബുദ്ധിമുട്ടുന്ന രോഗികൾക്കുള്ള ഡ്രസ് ബാങ്ക് എന്നിവയാണ് സേവനകേന്ദ്രം ആശുപത്രി കേന്ദ്രീകരിച്ച് നൽകുന്ന മറ്റു സേവനങ്ങൾ.
അപകടങ്ങളിലും മറ്റു ദുരന്തങ്ങളിലും പ്രഥമ ശുശ്രൂഷ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയർ ഗ്രൂപ്പ് കേന്ദ്രത്തിന് കീഴിലുണ്ട്.
മെഡിക്കൽ കോളജിന് സമീപത്തെ വാടകക്കെട്ടിടത്തിലാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി സേവനകേന്ദ്രം പ്രവർത്തിച്ചുവരുന്നത്. പ്രവർത്തന മേഖല വികസിപ്പിച്ചതിനൊപ്പം സേവനകേന്ദ്രത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചതിനാൽ നിലവിലെ കെട്ടിടത്തിൽ തുടർന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് സ്ഥാപനമെന്ന് നടത്തിപ്പുകാരായ യൂനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. ഇതിന് പരിഹാരമെന്നോണം മെഡിക്കൽ കോളജിന് സമീപത്ത് തന്നെ സ്ഥലം വാങ്ങി സ്ഥിരം കെട്ടിടം ഒരുക്കാനുള്ള ശ്രമത്തിലാണ് പിന്നണി പ്രവർത്തകർ. നിലവിലെ പ്രവർത്തനങ്ങൾ സുഗമമാക്കാനും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും അത് അനിവാര്യമാണ്. സഹജീവി സ്നേഹികളായ ഒരായിരം പേരുടെ സാമ്പത്തിക പിന്തുണ കൊണ്ടുമാത്രമാണ് ഇത്രയും കാലം സേവനകേന്ദ്രം പ്രവർത്തിച്ചുപോന്നത്. സ്ഥലം വാങ്ങാനും കെട്ടിടം പണിയാനും ഭീമമായ സംഖ്യയാണ് ആവശ്യം വന്നിരിക്കുന്നത്. പ്രയർ ഹാൾ , ഡോർമിട്രി, കാന്റീൻ, സൗജന്യ നിരക്കിലുള്ള ഫാർമസി, ലാബ് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള കെട്ടിടം ഉൾപ്പെട്ട പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമിക്ക് വേണ്ടി വഖ്ഫ് പ്രൊജക്റ്റ് ഇതിനായി രൂപംകൊടുത്തിട്ടുണ്ട്. ഇതിലേക്ക് കാരുണ്യമതികളുടെ പിന്തുണ തേടുകയാണ് ഈ സന്നദ്ധ സേവനക്കൂട്ടം.
കൂടുതൽ വിവരങ്ങൾക്ക്: 98476 62026, 9847028820
ബാങ്ക് വിവരങ്ങൾ: അക്കൗണ്ട് നമ്പർ: 571101010050426.
അക്കൗണ്ട് നെയിം:യൂനിറ്റി ചാരിറ്റബിൾ ട്രസ്റ്റ്.
ബാങ്ക്: യൂനിയൻ ബാങ്ക്.
ഐ.എഫ്.എസ്.സി: UBIN0557111.