മലപ്പുറം: സംഘപരിവാറിന്റെ ഏകശിലാത്മകമായ വംശീയ രാഷ്ട്രീയത്തിൽനിന്ന് രാജ്യത്തെ രക്ഷപ്പെടുത്താൻ ജനാധിപത്യ മതേതര ശക്തികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം പ്രചോദനമാവണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. ആഗസ്റ്റ് 15ന് കീഴുപറമ്പിൽ നടന്ന സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹോദര്യവും വൈവിധ്യങ്ങളുടെ ചേർന്ന് നിൽപ്പുമായിരുന്നു ഇന്ത്യ എന്ന രാജ്യത്തിന്റെ സൗന്ദര്യം. ആ സാഹോദര്യബോധത്തെ ഇല്ലാതാക്കി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി വെറുപ്പ് ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുകയാണ് സംഘ്പരിവാർ. മണിപ്പൂരിലും ഹരിയാനയിലും മഹാരാഷ്ട്രയിലുമൊക്കെ ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത് അതിൻറെ തുടർച്ചകൾ മാത്രമാണ്. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് മാത്രമേ സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിന് ഈ രാജ്യത്ത് വളരാൻ സാധിക്കുകയുള്ളൂ. മാനവികതയിൽ വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള പ്രതിരോധങ്ങൾ കൊണ്ട് മാത്രമേ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ നമുക്ക് ചെറുത്തുതോൽപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലയിൽ 70 കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി സ്വാതന്ത്ര്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു. ജില്ലാ മണ്ഡലം നേതാക്കൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മത രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പരിപാടികളിൽ സംബന്ധിച്ചു.