എടത്വ: വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ താറാവുകൾക്ക് വിശ്രമസ്ഥലം ഒരുക്കിയ സ്റ്റാൻലി ബേബിയുടെ കൃഷിയിടം ബാഗ്ളൂരിൽ നിന്നെത്തിയ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ ) ശാസ്ത്ര സംഘം സന്ദർശിച്ചു. കർണ്ണാടകയിലെ 14 കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ആണ് തലവടിയിൽ എത്തിയത്. സന്ദർശനത്തിന് ശേഷം വഞ്ചിവീട്ടിൽ യാത്ര നടത്തി പ്രകൃതി ഭംഗി ആസ്വദിച്ചാണ് സംഘം മടങ്ങിയത്.
വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴക്കാലത്ത് താറാവുകളെ സംരക്ഷിക്കാൻ ലളിതവും കൗതുകകരവുമായ ഒരു പരിഹാരം വികസിപ്പിച്ചെടുത്ത കുട്ടനാട് തലവടി 11-ാം വാർഡിൽ തോട്ടയ്ക്കാട്ട്പറമ്പിൽ സ്റ്റാൻലി (43) സന്ദർശകരുടെ ഹൃദയം കീഴടക്കി.
കഴിഞ്ഞ 15 വർഷമായി താൻ ജോലി ചെയ്ത ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മത്സ്യകൃഷിയും താറാവ് വളർത്തലും ഏറ്റെടുത്ത സ്റ്റാൻലി, എല്ലാ വർഷവും വെള്ളപ്പൊക്ക ദിനങ്ങളിൽ താറാവുകൾക്ക് വിശ്രമസ്ഥലം ഒരുക്കാൻ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.
പിവിസി പൈപ്പുകൾ, പ്ലാസ്റ്റിക് ബാരലുകൾ, ഇരുമ്പ് വയർ മെഷ് എന്നിവ പോലെയുള്ള വസ്തുക്കളാണ് സ്റ്റാൻലി അതിനായി ഉപയോഗിച്ചത്. പിവിസി പൈപ്പുകൾ ദൃഢമായ ചട്ടക്കൂടായി വർത്തിക്കുമ്പോൾ, ഘടനാപരമായ പിന്തുണ നൽകിക്കൊണ്ട്, വെള്ളപ്പൊക്ക സമയത്ത് കൂട് പൊങ്ങിക്കിടക്കുന്നതിന് ഉറപ്പാക്കാൻ പ്ലാസ്റ്റിക് ബാരലുകൾ ഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ ഉദ്യോഗസ്ഥർ സമയോചിതമായ നിർദ്ദേശങ്ങൾ നൽകി സഹായിച്ചെന്നും ഫ്ലോട്ടിംഗ് കൂട് ഫിഷ് ഫാമിൽ സ്ഥാപിച്ചെന്നും ജലനിരപ്പിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലാത്തതിനാൽ ഇപ്പോൾ ആശ്വാസത്തിലാണെന്നും സ്റ്റാൻലി പറഞ്ഞു.
ന്യൂതനവും ചിലവ് കുറഞ്ഞതുമായ സംവിധാനത്തിലൂടെ സമിശ്രകൃഷി നടത്തുന്ന സ്റ്റാൻലി ബേബിയുടെ കൃഷിയിടം കായംകുളം കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയൻ്റിസ്റ്റ് ഡോ. എസ് രവിയും സംഘവും , പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ കർഷകദിനത്തിൽ സ്റ്റാൻലി ബേബിയെ സന്ദർശിച്ച് അഭിനന്ദിച്ചു.
ഇപ്പോൾ കെവികെ മറ്റ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താറാവുകൾക്കുള്ള ഈ ഫലപ്രദമായ സംരക്ഷണ നടപടി ആവർത്തിക്കാൻ തുടങ്ങി.
ഇതു കൂടാതെ കരയിലുള്ള കൃഷിയും ഇടവേളകളിലായി നടത്താറുണ്ട്. കഴിഞ്ഞ വർഷം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ഇൻ്റർ ഗ്രേറ്റഡ് ഫാംമിംഗ് സിസ്റ്റത്തിലേക്ക് തലവടിയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കർഷകനാണ് സ്റ്റാൻലി ബേബി. തലവടി വെള്ളക്കിണർ ജംഗ്ഷനിൽ മിത്ര ജന സേവന കേന്ദ്രം നടത്തുന്ന ഭാര്യ ജിനു സ്റ്റാൻലിയും വിദ്യാർത്ഥികളായ മക്കൾ സാറാ ആൻ സ്റ്റാൻലി, സ്റ്റെഫിൻ സ്റ്റാൻലി ബേബി എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.