ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടമെന്നു പറയുംപോലെയാണ് ഓണത്തിനിടയ്ക്ക് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. ഭരണകക്ഷിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എമ്മും പ്രതിപക്ഷ മുന്നണിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സുമാണ് ഏറ്റുമുട്ടുന്നത് എന്നു പറഞ്ഞാല്‍ നേര്‍ക്കുനേര്‍ ഉള്ള പോരാട്ടമാണ് പുതുപ്പള്ളിയില്‍ അരങ്ങേറുന്നത്. കൈപ്പത്തി ചിഹ്നവും അരിവാള്‍ ചുറ്റിക നക്ഷത്രവും തമ്മിലുള്ള ബാലറ്റ് യുദ്ധമായിരിക്കും പുതുപ്പള്ളിയിലേത്. ആര് ജയിക്കുമെന്നത് വോട്ടെണ്ണി കഴിയുമ്പോള്‍ മാത്രമെ പറയാന്‍ കഴിയുയെങ്കിലും പല അനുകൂല ഘടകങ്ങളും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കുണ്ടെന്നതാണ് സത്യം.
കഴിഞ്ഞ അന്‍പത്തിമൂന്ന് വര്‍ഷമായി യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഏറ്റവും കൂടുതല്‍ കാലം പരാജയപ്പെടാതെ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുവന്ന അംഗമെന്ന ബഹുമതിക്ക് അര്‍ഹനാണ് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഇത് അപൂര്‍വ്വ ബഹുമതിയാണ്. ഇങ്ങനെ ഒരു ബഹുമതി ഇനിയൊരാള്‍ക്ക് ഉണ്ടാകുമോയെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു ബഹുമതി ഉമ്മന്‍ ചാണ്ടിക്കവകാശപ്പെട്ടതു മാത്രമാണ്.
അതുകൂടാതെ കേരളത്തില്‍ രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട് ഉമ്മന്‍ചാണ്ടി. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്നതും ഉമ്മന്‍ചാണ്ടിക്കവകാശപ്പെട്ടതാണ്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ചുവപ്പുനാടയില്‍ തീര്പ്പുകല്പിക്കാതെ കെട്ടിക്കിടന്ന ജനങ്ങളുടെ നീറുന്ന ആവലാതികള്‍ നിറഞ്ഞ പരാതികള്‍ക്കും അപേക്ഷകള്‍ക്കും തീര്‍പ്പ് കല്പിക്കാന് അതില്‍ക്കൂടി സാധിച്ചുയെന്നതാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടി നടന്നത്. യു.എന്‍. ന്റെ പോലും പ്രശംസ പിടിച്ചുപറ്റിയെന്നതാണ് ഏറെ സവിശേഷത. അങ്ങനെ ഉമ്മന്‍ചാണ്ടിയെന്ന ജനകീയ നേതാവിന്റേയും ഭരണാധികാരിയുടേയും താങ്ങും തണലുമായ മണ്ഡലമായിരുന്നു പുതുപ്പള്ളി നിയോജകമണ്ഡലം.
ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടിക്ക് ജനങ്ങളും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കുന്നതിനപ്പുറമായിരുന്നു. ഏത് സമയത്തും എവിടെയും ഉമ്മന്‍ചാണ്ടിയുടെ സഹായഹസ്തം ജനങ്ങള്‍ക്കുണ്ടായിരുന്നു. അതില്‍ സ്വന്തം മണ്ഡലമെന്നോ ജില്ലയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിനെ ജനകീയനാക്കിയത്. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഒരു നേതാവും ഇത്രയധികം ജനകീയനായി അറിയപ്പെട്ടിരുന്നോ എന്നുപോലും സംശയമാണ്. അതാണ് ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ്.
ആ ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി നിയോജകമണ്ഡലം. പുതുപ്പള്ളിയെന്നു കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ആദ്യം ഉണ്ടാകുന്ന പേര് ഉമ്മന്‍ചാണ്ടിയുടേതാണ്. രണ്ടാമത് പുതുപ്പള്ളിയും ചരിത്രപ്രസിദ്ധമായ ക്രൈസ്തവ ദേവാലയമാണ്. ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഈ ദേവാലയം കേരളത്തില്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ അനേകം
ദേവാലയങ്ങളുണ്ടെങ്കിലും ചുരുക്കം ചില ദേവാലയങ്ങള്‍ ഏറെ പ്രശസ്തമായതും തീര്‍ത്ഥാടനകേന്ദ്രവുമാണ്. പുതുപ്പള്ളി പള്ളി നിരണം ചന്ദനപ്പള്ളി എന്നിവ അതില്‍ എടുത്തു പറയത്തക്കതാണ്.
അങ്ങനെ പുതുപ്പള്ളി പ്രദേശം രണ്ട് നാമത്തില്‍ അറിയപ്പെടുന്നുയെന്ന് പറയാം. പുതുപ്പള്ളി പള്ളിയുടേയും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്റെയും പേരില്‍. അതില്‍ അവര്‍ അഭിമാനിക്കുന്നുയെന്നു തന്നെ പറയാം. കാരണം ഇരുവരും അവരുടെ ആശ്രയവും ആലംബവുമാണ്. പുതുപ്പള്ളി പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ തങ്ങള്‍ക്ക് സഫലമാകുമെന്ന വിശ്വാസമുണ്ടെങ്കില്‍ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്റെ അടുത്ത് എത്തി ഏത് ആവലാതി പറഞ്ഞാലും അതിനെ പരിഹാരമുണ്ടാകുമെന്നതാണ്. അതിന് ഒരു മറുവാക്കില്ലായെന്നതാണ് പുതുപ്പള്ളിയുടെ ഭാഗ്യവും. വിശുദ്ധനും ജനകീയനും ഒന്നിച്ചുള്ള ഒരു കാവല്‍ അതാണ് പുതുപ്പള്ളി.
അങ്ങനെ പുതുപ്പള്ളിക്കാരുടെ പ്രീയപ്പെട്ട പ്രതിനിധിയായിരുന്നു എന്നും കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ഒഴിവു വന്നതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആ ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ത്ഥിയുമാണ് പ്രധാനമായും ഏറ്റുമുട്ടുക. ആര് ജയിക്കുമെന്നത് വോട്ടെണ്ണക്കഴിയുമ്പോള്‍ മാത്രമെ പറയാന്‍ കഴിയുമെങ്കിലും മണ്ഡലത്തിലെ രാഷ്ട്രീയചായ്വുകളും രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ജനപ്രീതിയുമൊക്കെ ജയിക്കുന്നതാരെന്ന് ഏറെക്കുറെ പ്രവചിക്കാന്‍ കഴിയും.
അങ്ങനെ വരുമ്പോള്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ സാദ്ധ്യതയേറെയെന്ന് പറയാം. അഞ്ച് പതിറ്റാണ്ട് അദ്ദേഹത്തിന്റെ പിതാവിനെ വിജയിപ്പിച്ചതാണ് പുതുപ്പള്ളിക്കാര്‍. അതും മികച്ച ഭൂരിപക്ഷത്തില്‍. സഹതാപതരംഗമാണ് മറ്റൊരു ഘടകം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു നിയമസഭാംഗം മരിച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ കുടുംബത്തില്പ്പെട്ടവര് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ വിജയിക്കുമെന്നതാണ്.
ഇവിടെയും ചാണ്ടി ഉമ്മന്‍ അനുകൂലമായ ഘടകമായി ഇതുണ്ട്. പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയെ ഇത്രയും കാലം മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മണ്ഡലത്തില്‍. മറ്റൊരു ഘടകം പുതുപ്പള്ളി മണ്ഡലം യു.ഡി.എഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ മണ്ഡലമാണെന്നതാണ്. ഇടതുപക്ഷ തേരോട്ടം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒക്കെയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് മികച്ച ഭൂരിപക്ഷം നേടിക്കൊടുത്തുകൊണ്ട് യു.ഡി.എഫിന്റെ മണ്ഡലമായി മുദ്രകുത്തപ്പെട്ട മണ്ഡലമാണ് പുതുപ്പള്ളി അതുകൊണ്ടു തന്നെ ചാണ്ടി ഉമ്മന്‍ വിജയ സാദ്ധ്യതയുണ്ടെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യു.ഡി.എഫ്. നേതാക്കളുടെ കണക്കു കൂട്ടല്‍.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി. തോമസിന്റെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുന്നണിയുടെയും കണക്കു കൂട്ടലുകളും ഏറെക്കുറെ വിജയപ്രതീക്ഷയിലാണ്. അതിനായി അവര്‍ പറയുന്ന കാരണങ്ങള്‍ നിരവധിയാണ്. യു.ഡി.എഫ്. മണ്ഡലമാണ് പുതുപ്പള്ളിയെങ്കിലും പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍പ്പെട്ട പഞ്ചായത്തുകള്‍ ഇപ്പോള്‍ ഭരിക്കുന്നത് ഇടതുപക്ഷ മുന്നണിയാണ്. അതുകൊണ്ടുതന്നെ ഇവിടെ ശക്തമായ ഇടതുപക്ഷ അടിയൊഴുക്കുണ്ടാകുമെന്ന് അവര്‍ കരുതുന്നു. മറ്റൊന്ന് ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിലുള്ള വന്‍ ഇടിവാണ്. മുന്‍കാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിനു വിപരീതമായി ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷം വളരെ കുറവായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്താണ് മറ്റൊരു കാരണം. അന്ന് ഉമ്മന്‍ചാണ്ടിയുടെ എതിരാളി ഇന്നത്തെ എതിരാളി തന്നെയായിരുന്നു. തുടര്‍ഭരണവും ഭരിക്കുന്ന മുന്നണി ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന കീഴ്വഴക്കവുമാണ് മറ്റൊരു കാരണമായി കാണുന്നത്.
അങ്ങനെ ഇരുമുന്നണികളും വിജയ പ്രതീക്ഷയുമായി രംഗത്തു വരുമ്പോള്‍ ജനങ്ങളുടെ മനസ്സിലിരുപ്പ് എന്തെന്ന് തെരഞ്ഞെടുപ്പിനു ശേഷമെ അറിയാന്‍ കഴിയു. ഈ നിയമസഭയിലെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് ഇപ്പോള്‍ പുതുപ്പള്ളിയിലേത്. പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ ആയിരുന്നു ആദ്യത്തേത്. ആ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വന്നത് പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസായിരുന്നു. എതിരാളികളെ ഞെട്ടിച്ചുകൊണ്ടുള്ള ഭൂരിപക്ഷത്തിലായിരുന്നു അവര്‍ വിജയിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടന്നത്. മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളുമുള്‍പ്പെടെ കഠിനാദ്ധ്വാനം ചെയ്തിട്ടും ജയിക്കാനായില്ലെന്നു മാത്രമല്ല ഉമ തോമസിന് പ്രതീക്ഷിച്ചതിനപ്പുറം ഭൂരിപക്ഷം കിട്ടുകയാണ് ഉണ്ടായതെങ്കില്‍ ഇക്കുറി ആ ബഹളങ്ങളൊന്നും ഇല്ലായെന്നതാണ് പ്രചരണത്തില്‍ സി.പി.എം.ന്റേത്. എന്നാല്‍ പരമാവധി അടിയൊഴുക്കുകള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് ഒരു നീക്കം ചുരുക്കത്തില്‍ ആമ ഇഴയുന്നതുപോലെ പോയി മുയലിനെ തോല്‍പ്പിക്കുകയെന്ന തന്ത്രം. അത് എത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയാം. കോശി നിന്റെ ഭാവിയെന്നതുപോലെയാണ്.
പുതുപ്പള്ളിക്കാരുടെ അടുത്ത പ്രതിനിധി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞായിരിക്കുമോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുട്ടിയായിരിക്കുമോയെന്നതാണ് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത്. കുഞ്ഞൂഞ്ഞിന്റെ കുഞ്ഞാണെങ്കില്‍ അതൊരു പിന്തുടര്ച്ചയായിരിക്കും. എന്നാല്‍ കമ്മ്യൂണിസ്റ്റ് കുട്ടിയാണെങ്കില്‍ അത് ഒരു പുതചരിത്രമായിരിക്കും രചിക്കപ്പെടുക.