കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും സൗജന്യ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, ഈ അവസരം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. കിറ്റ് വിതരണത്തിലോ അനുബന്ധ
പ്രവര്‍ത്തനങ്ങളിലോ ജനപ്രതിനിധികള്‍ ഇടപെടരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ
പാര്‍ട്ടികളുടെ ചിഹ്നങ്ങളോ പേരുകളോ മറ്റ് സൂചനകളോ ഉണ്ടാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ സൗജന്യ ഓണക്കിറ്റ് വിതരണം നിര്‍ത്തിവച്ച നടപടി
പിന്‍വലിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചിരുന്നു. 60 വയസ്സിന് മുകളിലുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് 1,000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്ന് ജില്ലയെയും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു.