കൊച്ചി: സിപിഎം എറണാകുളം ജില്ലാ സക്രട്ടറി സി എന്‍ മോഹനനെതിരെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ അഭിഭാഷക സ്ഥാപനം മാനനഷ്ടക്കേസ് ഫയര്ല് ചെയ്തു. കെഎംഎന്‍പി ലോ എന്ന സ്ഥാപനമാണ് 2.50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പണം നല്‍കണമെന്നുമാണ് ആവശ്യം. ഇതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മോഹനനന്‍ സുപ്രീം കോടതി അഭിഭാഷകന് മുഖേന നല്കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ മാത്യു കുഴല്നാടന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിഎന്‍ മോഹനന്
എറണാകുളത്ത് വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനിടെ കുഴല്നാടന് ഉള്‍പ്പെട്ട
നിയമസ്ഥാപനത്തിനെതിരെയും ആരോപണം ഉയര്‍ന്നു. അതേസമയം, മോഹനന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അഭിഭാഷക സ്ഥാപനത്തിന്റെ നിലപാട്.
മോഹനന് ഉന്നയിച്ചതുപോലെ കള്ളപ്പണ ഇടപാട് നടന്നിട്ടില്ലെന്നും ദുബായില്‍ ഓഫീസ് ഇല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. നിയമരംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്
അപകീര്‍ത്തികരമാണെന്നും നോട്ടീസില്‍ പറയുന്നു.