കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ നല്കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴിയെടുക്കാന്‍ പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തി. ഇടത് പ്രവര്‍ത്തകനും സെക്രട്ടേറിയറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെയാണ് പോലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് നന്ദകുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സമ്പാദ്യവും കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ആക്രമണം സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് വിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇടത് അനുഭാവികള്‍ അച്ചു ഉമ്മനെതിരെ കുപ്രചരണം ആരംഭിച്ചതെന്ന് പറയുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് നന്ദകുമാറിനെതിരെ അച്ചു ഉമ്മന്‍ പരാതി നല്‍കിയത്. അതുവരെ രൂക്ഷമായ ഭാഷയില്‍ പോസ്റ്റുകള്‍
ഇട്ടിരുന്ന നന്ദകുമാര്‍ പരാതിയെ തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ ക്ഷമാപണം നടത്തി. സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും, അറിയാതെ ചെയ്ത തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍, പരാതിയുമായി അച്ചു ഉമ്മന്‍ മുമ്പോട്ടു പോകുകയായിരുന്നു.