എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അത്തിമരച്ചുവട്ടിൽ സുഹൃത്തുക്കൾ ഒത്തുചേർന്നു.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ 80-ാം ജന്മദിനത്തിൽ അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ട 80 മരങ്ങളിൽ ഒന്നാണ് അത്തി മരം.
സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ വീട്ടിൽ മുഖ്യ സന്ദേശം നല്കി. ഫാ. ബെന്നി വെട്ടിത്താനം, ഫാ. ടോണി കോയിൽപറമ്പിൽ, ഡീക്കൻ ജോസഫ് കാമിച്ചേരിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ മേ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ്യൻ ജി. ജയചന്ദ്രൻ, കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ. വിനോദ് വർഗീസ്, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, ജനറൽ സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
നദീസംരംക്ഷണ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യമിട്ട് നടത്തി വന്നിരുന്നതും കോവിഡ് മൂലം മുടങ്ങിപോയതുമായ ആൻ്റപ്പൻ അമ്പിയായം സ്മാരക ‘എടത്വ ജലോത്സവം’ കേരള പിറവി ദിനത്തിൽ നടത്തുവാൻ യോഗം തീരുമാനിച്ചു.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലാണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായം (39) ലോകത്തോട് വിട പറഞ്ഞത്.