തിരുവനന്തപുരം: ഇടത് സർക്കാരിന്റെ ഓണവാര ഘോഷയാത്രയിൽ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചതായി ആരോപണം. തലസ്ഥാനത്ത് നടന്ന ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. നഗരം ചുറ്റിയ ഘോഷയാത്രയുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കഴുത്തിൽ കുരുക്കിട്ട് പ്രദർശിപ്പിച്ചത് സോഷ്യൽ മീഡിയകള്‍ ഉള്‍പ്പടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനമായി തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ നിശ്ചലദൃശ്യത്തിൽ ഗുരുദേവ പ്രതിമയുടെ കഴുത്തിൽ കുരുക്കിട്ട് കെട്ടി തുറന്ന വാഹനത്തിലായിരുന്നു പ്രദർശനം. ഇതാണ് വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്.
ഗുരുദേവന്റെ പ്രതിമയെ അപമാനിച്ച സംഭവം ഭൂരിപക്ഷ സമുദായത്തോടുള്ള പിണറായി സർക്കാരിന്റെ നിരന്തരമായ അനാദരവിന്റെ തുടർച്ചയായ മാതൃകയാണ് പ്രതിനിധീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊ. വിടി രമ പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളെയും സാക്ഷിനിർത്തി നടന്ന സാംസ്കാരിക ഘോഷയാത്രയിൽ ശ്രീനാരായണഗുരുവിനെ കുരുക്കിലാക്കുന്നതുപോലെയാണ് ഹിന്ദു സമൂഹത്തോടുള്ള ചരിത്രപരമായ അവഹേളനങ്ങൾക്ക് പേരുകേട്ട ഇടതുപക്ഷ സർക്കാർ ചിത്രീകരിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും സമീപകാല സംഭവങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ കാലാകാലങ്ങളായി നടക്കുന്നതാണെന്നും വി ടി രമ ഊന്നിപ്പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ പരസ്യമായി അപമാനിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എം ഷംസീർ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുത്തു.