കോട്ടയം: പുതിയ പ്രതിനിധി ആരെന്നറിയാൻ കാത്തിരിക്കുകയാണ് പുതുപ്പള്ളി (Puthupally). കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വോട്ടെടുപ്പ് ഉടൻ ആരംഭിക്കും. ആകെ 13 റൗണ്ടുകളുണ്ട്. അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വാകത്താനം ആണ് അവസാനമായി വോട്ടെണ്ണുന്നത്. ആകെ 20 ടേബിളുകളിലായാണ് വോട്ടെണ്ണൽ. ഇതിൽ 14 ടേബിളിൽ മെഷീൻ വോട്ടുകളും 5 ടേബിളിൽ തപാൽ വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും.
തപാൽ വോട്ടുകളും സർവീസ് വോട്ടുകളും ആയിരിക്കും ആദ്യം എണ്ണുന്നത്. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. ഒൻപത് മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. പത്ത് മണി കഴിയുന്നതോടെ പൂർണഫലം പ്രതീക്ഷിക്കുന്നു.
മത്സരരംഗത്ത് ഏഴ് സ്ഥാനാർഥികളാണ് ഉള്ളത്. വിജയപ്രതീക്ഷകൾ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും (Chandy Oommen) , എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസും (Jake C Thomas). കൗണ്ടിങ് സെന്ററിന് പുറത്ത് ആവേശത്തിലാണ് പ്രവർത്തകർ.