കുട്ടനാട്: റീടെൻഡറിൻ്റെ ഭാഗമായി വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും.ചീഫ് സെക്രട്ടറി ഡോ.വി വേണുവിൻ്റെ നിർദ്ദേശപ്രകാരം കെ.എസ്. ടി.പി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 108 കോടി രൂപയോളം ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിൽ ഓട നിർമ്മിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും മുടങ്ങിയ അവസ്ഥയിലായിരുന്നു. വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു റോഡ്.
സെപ്റ്റംബർ 3ന് തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ജന്മനാട് ഒരുക്കിയ സ്വീകരണ ചടങ്ങ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സെപ്റ്റംബർ 2ന് റോഡ് സംരംക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമനയെ ഫോണിൽ വിളിച്ച് സ്വീകരണ വേദിയിൽ വെച്ച് നിവേദനം നല്കുന്നതിന് അനുവാദം ചോദിച്ചത്. സ്വാഗത സംഘ സംഘാടക ഭാരവാഹികളായ ചെയർമാൻ ഭരതൻ പട്ടരുമഠം, ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള , കൺവീനർമാരായ ബിനു സുരേഷ്, അജികുമാർ കലവറശ്ശേരിൽ, കെ.കെ.രാജു, ഷേർലി അനിൽ എന്നിവർ ചേർന്ന് തയ്യാറാക്കിയ ലിസ്റ്റിൽ സമിതി അംഗങ്ങളായ കെ.ഗോപി, കെ.ഗോപകുമാർ, എസ്.മണിലാൽ എന്നിവരുടെ പേരുകൾ ഉൾപെടുത്തുകയും ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് ഹാരമണിയിച്ച് നിവേദനം നല്കുവാൻ അവസരം നല്കുകയായിരുന്നു.
എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ്, തകഴി റെയിൽവെ ക്രോസ് മേൽപാലം സംമ്പാദക സമിതി സെക്രട്ടറി ഫിലിപ്പ് ചെറിയാൻ എന്നിവരുൾപ്പെടെ നിരവധി സംഘടന ഭാരവാഹികളുടെ നേതൃത്വത്തിലും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നല്കിയിട്ടുണ്ട്.ദീർഘ വർഷങ്ങളായി മുടങ്ങി കിടക്കുന്ന പല പദ്ധതികളും ചീഫ് സെക്രട്ടറി ഡോ.വി.വേണുവിൻ്റെ ഇടപെടലിലൂടെ ഇനി ഫലം കാണുമെന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.ഊഷ്മള സ്വീകരണം ഏറ്റ് വാങ്ങി സ്വീകരണ വേദിയിൽ നിന്നും മടങ്ങിയ ഡോ.വി.വേണുവിൻ്റെ അടിയന്തിര ഇടപെടലുകൾ ഫലമുണ്ടായി തുടങ്ങി.