നയാഗ്ര (കാനഡ): ഓടക്കുഴലും മയിൽപ്പീലിയും കിരീടവുമായി കുഞ്ഞു ഉണ്ണിക്കണ്ണന്മാരും രാധമാരും നയാഗ്ര വെള്ളച്ചാട്ടത്തെ സാക്ഷിയാക്കി നയാഗ്ര ഫാൾസിന്റെ തെരുവീഥികളെ അമ്പാടിയാക്കി. ഇതാദ്യമായാണ് കാനഡയിൽ ഇത്ര വിപുലമായി ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ മുതൽ മഴയുടെ പ്രതീതിയുണ്ടായിരുന്നെങ്കിലും, ഉച്ച കഴിഞ്ഞപ്പോള്‍ മഴ മാറിയതോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ ആരംഭിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ മുറെ സ്ട്രീറ്റിൽ നിന്നു ശോഭായാത്ര ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ശോഭായാത്ര നയാഗ്ര ഫാൽസിലെ ഏറ്റവും പ്രൗഢ ഗംഭീര വേദിയായ ഓക്സ് ഗാർഡനിലേക്ക് എത്തിയത്. നയാഗ്ര ഫാള്‍സിന്റെ വീഥികളുടെ ഇരു വശത്തുമായി നിരവധി വിദേശികളായ സന്ദർശകരാണ് ശോഭായാത്ര കാണാനും, കാഴ്ചകൾ കാമറയിൽ പകർത്താനുമായി തടിച്ചു കൂടിയത്.
ഓക്സ് ഗാർഡനെ വലം വെച്ച് ശോഭായാത്ര സമാപിച്ചതോടെയാണ് കുഞ്ഞുണ്ണി കണ്ണന്മാർക്ക് ഉത്സവമായ ഉറിയടി ആരംഭിച്ചത്.
ഉറിയടിക്കാൻ ഉണ്ണിക്കൻന്മാർ ആവേശപൂർവം എത്തിയപ്പോൾ സ്വദേശികളും വിദേശികളുമായ കാണികൾക്കും ആവേശം അലതല്ലി.
കലാധരൻ മാരാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പഞ്ചവാദ്യങ്ങളോട് കൂട്ടിയ മേളവും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് നയാഗ്ര മേഖലയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി.
ചടങ്ങിനോടനുബന്ധിച്ചു നടന്ന ഔദ്യോഗിക പരിപാടികൾ നയാഗ്ര ഫാൾസ് സിറ്റി കൗൺസിലർ മോണ പട്ടേൽ ഉത്ഘാടനം ചെയ്തു. നയാഗ്ര പാർക്സ് കമ്മിഷണർ നതാഷ ഡിസിഎൻസോ, തപസ്യ നയാഗ്രയുടെ പ്രസിഡന്റ് രാജീവ് വാരിയർ, പരിപാടിയുടെ മുഖ്യ സ്പോൺസറായ ദി കനേഡിയൻ ഹോംസിലെ പ്രമോദ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെയർ 24, ആർ.എൻ അക്കാദമി, ഫിനാഷ്യൽ പ്ലാനെർ ദീപക് രവിനാഥ്, ദി ഇന്ത്യൻ വാലി ഗ്രോസറി സ്റ്റോർ, ഫോർ വീൽ ഓട്ടോ ആൻഡ് ടയർസ് എന്നിവരായിരുന്നു പരിപാടിയുടെ മറ്റ് സ്പോൺസർമാർ.
നയാഗ്ര ഫാൾസിലെ സനാതന സാംസ്കാരിക കൂട്ടായ്മയായ തപസ്യ നയാഗ്രയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. തപസ്യ നയാഗ്രയുടെ ബോർഡ് അംഗങ്ങളായ രാജീവ് വാരിയർ, ആസാദ് ജയൻ, രാമഭദ്രൻ സജികുമാർ, മോഹിത് മോഹനൻ. കമ്മിറ്റി അംഗങ്ങളായ ഹരിലാൽ ജി നായർ, നിധിന അരുൺ, സനൽ, അഭിജിത്, അനന്തകൃഷ്ണൻ, സരിത സുജിത്, ദീപക് രവിനാഥ്, മനു മധുസൂദനൻ, ജയകൃഷ്ണൻ, സരിഗ പ്രമോദ്, മഞ്ജു ഉദയൻ, മിഥുൻ, ആർഷ അർജുൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.