കോഴിക്കോട്: മത്സ്യക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപം മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഈ വാനിൽ നിന്ന് 29 കിലോ കഞ്ചാവ് പിടികൂടി.
വാഹനത്തിലുണ്ടായിരുന്ന രണ്ട് മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം ചെമ്മങ്കടവ് പെരുവന്‍ കുഴിയില്‍ നിസാർ ബാബു (36), നല്ലളം അരീക്കാട് സഫ മൻസിലിൽ മുഹമ്മദ് ഫർസാദ് (21) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കോഴിക്കോട് വെള്ളയിൽ ഭാഗത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
ഇവരില്‍ നിന്ന് മാർക്കറ്റിൽ 10 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മത്സ്യപ്പെട്ടികളുടെ മധ്യഭാഗത്തായി രണ്ടുപെട്ടികളി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. അമ്പതോളം പെട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. കോഴിക്കോട് ടൗൺ എസ്‌ഐ എ.സിയാദിന്റെയും സിറ്റി നാർക്കോട്ടിക്‌സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടിപി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, നർക്കോട്ടിക് ഷാഡോ സംഘം സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.