മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ 55 കാരനായ വാടകക്കാരനെ കൊലപ്പെടുത്തിയ കേസിൽ ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ മുൻ ജില്ലാ പ്രസിഡന്റ് മസൂം റാസ റാഹിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ പ്രതിക്ക് അനുകൂലമായി മൊഴി നൽകാൻ ഒമ്പത് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ഇരയുടെ 23 കാരിയായ മകൾ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.
ഞായറാഴ്ച രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യ-നേപ്പാൾ സുനൗലി അതിർത്തിയിൽ നിന്ന് 51 കാരനായ റാഹിയെ അറസ്റ്റ് ചെയ്തതായി മഹാരാജ്ഗഞ്ച് പോലീസ് സൂപ്രണ്ട് കൗസ്തുഭ് പറഞ്ഞു.
“സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കൊലപാതകം, അതിക്രമം, ഭവന അതിക്രമം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നീ കുറ്റങ്ങൾ ചുമത്തി റാഹിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൊഴി പിൻവലിക്കാൻ 9 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.
സെപ്തംബർ അഞ്ചിന് തന്റെ പിതാവിനെ വീട്ടുടമ കൊലപ്പെടുത്തിയെന്ന് യുവതി പറഞ്ഞതോടെയാണ് കേസിന്റെ തുടക്കം. ആഗസ്റ്റ് 28 ന് ബിജെപി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും പിതാവ് പ്രതിഷേധിച്ചപ്പോൾ പ്രതി മർദ്ദിച്ചുവെന്നും എഫ്ഐആറിൽ ആരോപിച്ചിരുന്നു. എന്നാൽ, മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ യുവതി തന്റെ മുൻ വാദങ്ങളെല്ലാം പിൻവലിച്ചിരുന്നു.