ചെന്നൈ: തമിഴ്നാട്ടിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 14 വയസ്സുകാരി മരിച്ചു. രക്ഷിതാക്കൾക്കൊപ്പം നാമക്കലിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ ഞായറാഴ്ച ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു പെൺകുട്ടി. ഷവർമ കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച കുട്ടിയുടെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതേ റെസ്റ്റോറന്റിൽ നിന്ന് നോൺ വെജ് ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും എല്ലാവരും ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഇതോടെ ജില്ലാ ഭരണകൂടം റസ്റ്റോറന്റ് അടച്ചുപൂട്ടി.
വിവരമറിഞ്ഞയുടൻ ഭക്ഷ്യസുരക്ഷാ വിഭാഗം റസ്റ്റോറന്റിൽ റെയ്ഡ് നടത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള മറ്റുള്ളവർ ഷവർമയ്ക്ക് പുറമെ തന്തൂരി ചിക്കനും ഗ്രിൽഡ് ചിക്കനും കഴിച്ചിട്ടുണ്ട്. കോഴിയെ എവിടെ നിന്നാണ് വാങ്ങിയതെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.