ജക്കാർത്ത: വെള്ളിയാഴ്ച, ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലെ സെമേരു അഗ്നിപർവ്വതം പൊടുന്നനെ പൊട്ടിത്തെറിച്ച് ചൂടുള്ള ചാരം പുറന്തള്ളാൻ തുടങ്ങി. പ്രദേശത്തു നിന്ന് ജനങ്ങൾ മാറി നിൽക്കാൻ പ്രാദേശിക അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക സമയം രാവിലെ 9:23 നാണ് പൊട്ടിത്തെറി ഉണ്ടായത്, ഗർത്തത്തിന്റെ തെക്ക്-കിഴക്ക് 700 മീറ്റർ വരെ ചൂടുള്ള ചാരം പടർന്നു.
അഗ്നിപർവ്വത സ്ഫോടനം തെക്കുകിഴക്കും തെക്കും ഭാഗത്തേക്ക് കട്ടിയുള്ളതും തവിട്ടുനിറത്തിലുള്ളതുമായ ചാരം പടർന്നതായി മോണിറ്ററിംഗ് പോസ്റ്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതിന്റെ 13 കിലോമീറ്റർ തെക്കുകിഴക്കൻ മേഖലയിലും ചുറ്റുമുള്ള 5 കിലോമീറ്റർ ചുറ്റളവിലും സന്ദർശനം ഒഴിവാക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 3,676 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെമെരു അഗ്നിപർവ്വതം, ഏറ്റവും ഉയർന്ന നാലിൽ നിന്ന് അപകടനില മൂന്നിൽ തുടരുന്നു. 2021 ഡിസംബറിലെ സ്ഫോടനം കാരണം ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നിരുന്നു. കൂടാതെ, 50 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.