ഐസിസി ഏകദിന ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ ഇന്ത്യയിൽ ആരംഭിക്കും. ഈ മെഗാ ഇവന്റ് ആരംഭിക്കുന്നതിന് മുമ്പ്, പരിശീലന മത്സരങ്ങൾ സെപ്റ്റംബർ 29 മുതലാണ് ആരംഭിക്കുക. അതുവഴി മെഗാ ഇവന്റ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ടീമുകൾക്കും ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വയം തയ്യാറെടുക്കാനാകും. അതേസമയം, പാക്കിസ്താന്‍ ടീമിന് ഇന്ത്യയിലേക്ക് വരാനുള്ള വിസ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണറിവ്. ഇത് ഒരുപക്ഷെ, അവരുടെ പദ്ധതികൾ തകരാറിലായേക്കാം.
ഇന്ത്യയടക്കം ആകെ 10 ടീമുകളാണ് ഇത്തവണ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ പാക്കിസ്താന്‍ ഒഴികെ മറ്റെല്ലാ ടീമുകൾക്കും ഇന്ത്യയിലേക്ക് വരാൻ വിസ ലഭിച്ചിട്ടുണ്ട്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ലോക കപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പാക്കിസ്താന്‍ ദുബായിൽ പരിശീലനത്തിന് പദ്ധതിയിട്ടിരുന്നു. അതിന് ശേഷം അവിടെ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് പോകുമായിരുന്നെങ്കിലും വിസ കിട്ടാത്തതിനെ തുടർന്ന് പ്ലാൻ പാഴായി.
പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ഒരാഴ്ച മുമ്പ് വിസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇപ്പോൾ ടീം സെപ്റ്റംബർ 27 ന് ദുബായിലേക്ക് പുറപ്പെടും, തുടർന്ന് അവിടെ നിന്ന് ഇന്ത്യയിലേക്ക് വരും. വിസ വൈകുന്നത് സംബന്ധിച്ച് പാക്കിസ്താന്‍ ടീം മാനേജ്‌മെന്റ് തങ്ങൾക്ക് നിശ്ചിത സമയത്തിനുള്ളിൽ വിസ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സെപ്തംബർ 29 ന് ഹൈദരാബാദിൽ നടക്കുന്ന ലോകകപ്പിന് മുമ്പ് പാക്കിസ്താന്‍ ടീമിന് ന്യൂസിലൻഡ് ടീമിനെതിരെ പരിശീലന മത്സരം കളിക്കണം.
2023 ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാക്കിസ്താന്‍ സെപ്റ്റംബർ 22 നാണ് പ്രഖ്യാപിച്ചത്. തോളിനേറ്റ പരിക്ക് മൂലം മെഗാ ഇവന്റിൽ നിന്നെല്ലാം പുറത്തായ നസീം ഷായുടെ പേര് ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ഹസൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസാമ മിർ എന്നിവരുൾപ്പെടെ മൂന്ന് സ്പിൻ ബൗളർമാരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2023 ഏകദിന ലോകകപ്പിനുള്ള പാക്കിസ്താന്‍ ടീം:
ബാബർ അസം (ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഹസൻ അലി, ഇഫ്തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്വാൻ, സൽമാൻ ആഗ, ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഉസാമ മിർ, മുഹമ്മദ് വസീം ജൂനിയർ. സൗദ് ഷക്കീൽ, ഹാരിസ് റൗഫ്.