തിരുവനന്തപുരം: നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ്. വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡ് നടത്തുന്നത്.
എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന ചാവക്കാട് മുനക്കപ്പറമ്പിലെ ലത്തീഫ് പോകാത്തില്ലത്തിന്റെ വസതിയുള്പ്പടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടർന്നാണ് മിന്നൽ പരിശോധന നടത്തുന്നത്.
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുകയും, വിദേശ ഇടപാടിലൂടെ ഫണ്ട് എത്തുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇഡിയുടെ ഡൽഹി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.