പാലക്കാട്: അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം ഹോസ്റ്റൽ ജീവനക്കാർ പരസ്യമായി അഴിപ്പിച്ച സംഭവത്തിൽ പ്രതികളായ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അട്ടപ്പാടി ഐ.ടി.ഡി.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളായ കസ്തൂരി, കൗസല്യ, സുജ, ആതിര എന്നിവർക്കെതിരെ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ തന്നെ ചുമത്തണം. സംഭാവം പുറത്തുവരാതിരിക്കാൻ വിദ്യാർത്ഥിനികളെ റൂമിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി. ത്വക്ക് രോഗം പരിശോധിച്ചതാണെന്നേ പുറത്തുപറയാവൂ എന്നാണ് പ്രതികൾ വിദ്യാർത്ഥിനികളോട് പറഞ്ഞത്.
ഇത്രയും ഭീകരമായ ജാതി വിവേചനവും പീഡനവും നടന്നിട്ടും സംഭവത്തെ നിസാരവത്ക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതികൾക്കെതിരെ കർശന നടപടികളുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പ്രതികൾ വിദ്യാർത്ഥിനികളോട് പരസ്യമായി മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി.