എറണാകുളം: കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ ഏക പ്രതിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു .
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, റെയിൽവേ നിയമം, പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയൽ (പിഡിപിപി) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയായ ഷാരൂഖ് സൈഫി (27) ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഷാരൂഫ് സൈഫിയുടേത് ജിഹാദി പ്രവർത്തനമാണെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഷാരൂഖ് സൈഫി മാത്രമാണ് കേസിൽ പ്രതിയായിട്ടുള്ളത്. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. ആരും തിരിച്ചറിയാതിരിക്കാനാണ് കേരളം തിരഞ്ഞെടുത്തത് എന്നും കുറ്റപത്രത്തിൽ പറയുന്നു.
2023 ഏപ്രില്‍ 2 രാത്രിയിലായിരുന്നു എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിന് ഷാരൂഖ് സൈഫി തീയിട്ടത്. സംഭവത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചതിന് പുറമേ ഒൻപത് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജനങ്ങളിൽ ഭീതി പടർത്തുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക്കിസ്താന് ഭീകര സംഘടനയെ ഇയാൾ സമൂഹ മാധ്യമത്തിലൂടെ പിന്തുടർന്നിരുന്നു. ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടമായാണ് ട്രെയിനിന് തീയിട്ടത്. ആളുകളെ കൂട്ടക്കൊല ചെയ്യാനും പദ്ധതിയിട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
തിരിച്ചറിയപ്പെടാത്ത സ്ഥലത്ത് തന്റെ ജിഹാദി പ്രവർത്തനം നടത്താൻ ആഗ്രഹിച്ചതിനാലാണ് തീവ്രവാദവും തീവെപ്പും ഉൾപ്പെടുന്ന പ്രവൃത്തിക്ക് സെയ്ഫി കേരളം തിരഞ്ഞെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പൊതുസമൂഹത്തിന്റെ മനസ്സിൽ ഭീകരത സൃഷ്ടിച്ച് പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇയാള്‍ ഉദ്ദേശിച്ചിരുന്നു.
ഇന്ത്യൻ, വിദേശ രാജ്യങ്ങളിലെ തീവ്ര ഇസ്ലാമിക പ്രബോധകർ പ്രചരിപ്പിച്ച അക്രമ തീവ്രവാദത്തിനും ജിഹാദിനും അനുകൂലമായി സോഷ്യൽ മീഡിയയിൽ ലഭ്യമായ വിവിധ ഓൺലൈൻ പ്രചരണ സാമഗ്രികളിലൂടെ പ്രതി സ്വയം തീവ്രവൽക്കരിക്കപ്പെട്ടതായി കുറ്റപത്രത്തിൽ പറയുന്നു.
ന്യൂഡൽഹിയിലെ ഷഹീൻ ബാഗ് നിവാസിയായ സൈഫി, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറി കണ്ണൂർ വരെ യാത്ര തുടർന്നു. പിന്നീട് മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഷൊർണൂരിലെ ഇന്ധന വിൽപന കേന്ദ്രത്തിൽ നിന്ന് പെട്രോളും ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ കടയിൽ നിന്ന് ലൈറ്ററും വാങ്ങിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ആദ്യം കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത്. 2023 ഏപ്രിൽ 17-ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് എൻഐഎ അന്വേഷണം ഏറ്റെടുത്തു.