“എടൈയ് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മരം ഏതെന്നറിയാമോ”? വടസാർ ബോട്ടണി ക്ലാസ്സിലിരിക്കുന്ന എല്ലാവരോടുമായി ചോദിച്ചു. ആർക്കും ഉത്തരമുണ്ടായില്ല.
“സസ്യ ശാസ്ത്രം പഠിക്കാൻ എത്തിയിരിക്കുകയാ എല്ലാവരും. ഇതൊന്നും അറിയില്ലേ”?
സാറിന്റെ പതിവ് പരിഹാസം.
“എടൈയ്.. സെക്വൊയ മരങ്ങൾ എന്നാണവയുടെ പേര്. ഈ മരങ്ങൾ 100 മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരും”.
രണ്ടാംനിലയിലെ അഴികളില്ലാത്ത ജനാലയിലൂടെ ക്ലാസ്സിനുള്ളിലേക്ക് എത്തിനോൽക്കുന്നു വാക പൂമരത്തെ നോക്കി
“മാമലയിലെ പൂമരം പൂത്തനാൾ
പൊന്നൂഞ്ഞാലിൽ ആടുന്ന കാറ്റേ വരൂ”
എന്ന മൂളിപ്പാട്ടുമായി അടുത്തിരുന്ന ഹാരിസ് പാട്ട് നിറുത്തി ചോദിച്ചു
“എവിടെ പോയാൽ ഇവയെ കാണാൻ സാധിക്കും എൻ്റെ സാറേ “?
വടസാറിന്റെ നർമത്തിൽ പൊതിഞ്ഞ ഉത്തരം പെട്ടെന്നു വന്നു.
“അധികം ദൂരെയൊന്നും പോകണ്ട, അമേരിക്കയിലെ കാലിഫോർണിയവരെ പോയാൽ മതി. നൂറുകണക്കിന് കൂറ്റൻ സെക്വൊയ മരങ്ങളെ കാണാൻ സാധിക്കും.”
അപ്പോൾ ഞാൻ വിചാരിച്ചു, “ബെസ്ററ്, നടന്നതുതന്നെ, ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാഡ് എന്ന കായിക മേളക്ക് പോകുവാൻ വലിയ ആഗ്രഹമായിരുന്നു. ഡൽഹി വരെ പോകുവാൻ സാധിക്കാത്ത ഞാനാ, ഇനി അമേരിക്കയിലെ കാലിഫോർണിയയിൽ സെക്വൊയ മരങ്ങളെ കാണുവാൻ പോകുന്നത്”.
സാർ വീണ്ടും സെക്വൊയ മരങ്ങളുടെ വിശേഷണങ്ങൾ വിവരിക്കുവാൻ തുടങ്ങി…
“എടൈയ്, എൻറെ ഗവേഷണ വിഷയം ഈ മരങ്ങളായിരുന്നു. ഉയരത്തിന്റെ കാര്യത്തിൽ മാത്രമല്ല ആയുസ്സിന്റെ കാര്യത്തിലും സെക്വൊയ മരങ്ങൾ മുൻപന്തിയിൽ തന്നെ. 3000 വർഷത്തിൽ കൂടുതൽ പ്രായമുള്ള മരങ്ങൾ അവിടെ ഉണ്ടത്രേ”.
“125 മീറ്റർ വരെ ഉയരത്തിൽ ഈ മരങ്ങൾക്ക് വളരുവാൻ സാധിക്കുമെങ്കിലും ഏറ്റവും ഉയരം കൂടിയത് 115 മീറ്ററുള്ള ഒരു മരമാണ്.”
സാറിന്റെ കയ്യിലുള്ള ഫയലിൽ നിന്നും സെക്വൊയ മരത്തിന്റെ, വലിപ്പമുള്ള ഒരു വർണചിത്രം എല്ലാവരേയും കാണിച്ചുകൊണ്ട് സാർ, അടുത്ത ചോദ്യം ചോദിച്ചു.
“എന്തുകൊണ്ടാണ് അതിലും ഉയരത്തിൽ മരങ്ങൾക്ക് വളരുവാൻ സാധിക്കാത്തത്? “
പഠിക്കാൻ മിടുക്കിയായിരുന്ന ബിന്ദു പറഞ്ഞു,
”അതിലും ഉയരത്തിൽ വളർന്നാൽ, ചിലപ്പോൾ നിലത്ത് ഉറച്ചു നിൽക്കാൻ കഴിയില്ലായിരിക്കും”
“എടൈയ്, ഊഹിച്ചതായിരിക്കും അല്ലേ” സാർ ചിരിച്ചുകൊണ്ടുത്തരം പറഞ്ഞു.
“അതിലും വലിയ കാരണം, വെള്ളം അത്രയും മുകളിലേക്ക് കയറ്റിക്കൊണ്ടുപോകുവാൻ വൃക്ഷത്തിനു കഴിയുക ഇല്ല എന്നതാണ്. മുകളിലേക്ക് പോകുന്ന എല്ലാത്തിനേയും താഴേക്ക് വലിക്കുന്ന ഗുരുത്വാകർഷണം, ജലത്തിനേയും കീഴ്പോട്ടു പിടിച്ചു വലിക്കും. 125 മീറ്റർ കൂടുതൽ ഉയരത്തിൽ ജലം എത്തിക്കാൻ ഒരു മരത്തിനും കഴിയില്ല”.
സാറിന്റെ സംഭാഷണ ശൈലി അങ്ങനെയാണ്. ആൺകുട്ടികളെയും, പെൺകുട്ടികളെയും എല്ലാം “എടൈയ്” എന്നേ വിളിക്കൂ. പഠിപ്പിക്കുമ്പോൾ എപ്പോഴും “ട” ശബ്ദം ആവർത്തിച്ചു കേട്ടുകൊണ്ടിരുന്നതുമൂലം ആരോ, എപ്പോഴോ സാറിന് ചാർത്തി കൊടുത്ത ഇരട്ടപ്പേരാണ് “വട സാർ”.
സാറിന്റെ യഥാർത്ഥ പേര് ഇപ്പോഴും അറിയില്ല.
സംഭാഷണങ്ങളിൽ നർമ്മം ചാലിച്ച്, അലക്കിത്തേച്ച തൂവെള്ള ഷർട്ടും, വെള്ള ഡബിൾ മുണ്ടും ഉടുത്ത്, മുറുക്കിച്ചുവന്ന ചുണ്ടുകളുമായി, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ക്ലാസ്സുകൾ എടുത്തിരുന്ന വടസാർ, കലാലയ ജീവിതത്തിലെ നിത്യ ഹരിത ഓർമ്മ ചിത്രമാണ്.
സാറിന്റെ അടുത്ത ചോദ്യം.
“എടൈയ്, നമ്മളുടെ ശരീരത്തിൽ രക്തം മുകളിലേക്ക് പമ്പ് ചെയ്ത് തലയിൽ എത്തിക്കുവാൻ നമ്മൾക്ക് ഹൃദയം ഉണ്ട്, അതേപോലെ മരങ്ങളുടെ ഏറ്റവും മുകളിലെ ഇലകളിൽ വരെ ജലം എത്തിക്കുവാൻ മരങ്ങൾക്ക് ഹൃദയം ഉണ്ടോ”?
“ഇല്ല സാർ” ക്ലാസ്സിലെ എല്ലാവരും ഒരുമിച്ചുത്തരം പറഞ്ഞു.
“അതേയ്, വേരുകൾ വലിച്ചെടുക്കുന്ന ജലം മരത്തിന്റെ ഏറ്റവും ഉൾഭാഗത്തുള്ള സൈലം (xylem) എന്ന പ്രത്യേകതരം കോശങ്ങളിലൂടെ മുകളിലേക്ക് സഞ്ചരിക്കുന്നു. ഇലകളിൽ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ ഫലമായി വെള്ളം, സ്റ്റോമാറ്റയിലൂടെ നഷ്ടപ്പെടുകയും അങ്ങനെ മരത്തിനു മുകൾ വശ ത്ത്, നെഗറ്റീവ് പ്രെഷർ അനുഭവപ്പെടുകയും ചെയ്യുന്നു. സ്ട്രാ ഉപയോഗിച്ച് വെള്ളം കുടിക്കുമ്പോൾ, ജലം മുകളിലേക്ക് കയറിവരുന്നതുപോലെ, നമ്മളുടെ രോമങ്ങളേക്കാളും നേർത്ത അനേകം സൈലങ്ങളിലൂടെ ജലം മുകളിലേക്ക് കയറിവരുന്നു. അങ്ങനെയാണ് എല്ലാ സസ്യങ്ങളുടെയും ഇലകളിൽ, വെള്ളവും പോഷക വസ്തുക്കളും എത്തുന്നത്”.
“എടൈയ്യ്, ഒരുദിവസം 2000 ലിറ്റർ വെള്ളം വേണ്ടിവരുന്ന ഈമരത്തിനു, സൈലം (xylem) ഇല്ലായിരുന്നു എങ്കിൽ ജലം മുകളിലെത്തിക്കുവാൻ എങ്ങനെ സാധിക്കുമായിരുന്നു”!.
സാർ തുടർന്നു.
“ ഈ മരങ്ങളുടെ ഏറ്റവും വലിയ ശത്രു കാട്ടുതീ ആണ്. 6000 അടി ഉയരത്തിലുള്ള മലകളിൽ മാത്രം വളരുന്ന സെക്വൊയ, ഇടി മിന്നലുകളിൽ പെട്ട് തീപിടിക്കുന്നു. പക്ഷെ ഈ മരങ്ങളുടെ ഒരുവശം കത്തിപോയാലും, തീപ്പൊള്ളൽ സംഭിവിക്കാത്ത, മറുവശം കൊണ്ട് ജീവൻ നിലനിർത്തികൊണ്ടുപോകുവാൻ ഈ മര മുത്തശ്ശന്മാർക്ക് സാധിക്കും. അതുപോലെ തന്നെ അഗ്നി നിലത്തുകൂടി പടർന്നു വന്നാൽ രണ്ടടിയോളം ഖനമുള്ള പുറം ചട്ട, തീപിടുത്തത്തിൽ നിന്നും മരങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
നിലത്തു വീണുകിടക്കുന്ന ഇവയുടെ കോൺ ആകൃതിയിലുള്ള വിത്തുകൾ കാട്ടുതീയിൽ പൊട്ടി വിതറി, തീ പിടുത്തം കഴിയുമ്പോൾ ഉണ്ടാവുന്ന ചാരം പൊതിഞ്ഞ ഫലഭൂയിഷ്ടമായ മണ്ണിൽ അതിവേഗത്തിൽ വളരുന്നു. ഏതുനിമിഷവും വിഴുങ്ങാനെത്തുന്ന കാട്ടുതീയിൽ നിന്നും രക്ഷനേടാൻ, വേഗത്തിൽ വളരുന്ന വിത്തുകൾ, വൃക്ഷങ്ങൾ ആകുമ്പോഴേക്കും മുകൾ വശം മാത്രമേ ശിഖരങ്ങളും ഇലകളും ഉണ്ടാവൂ. വണ്ണം കൂടിയ തടിക്കു മുകളിലായി തലഭാഗത്തുമാത്രം, ചെറിയ ശിഖരങ്ങളും ഇലകളുമായി വിണ്ണിലേക്ക് എത്തിനോൽക്കുന്നു, ഈ ഒറ്റത്തടിയൻമാർ.
“എടൈയ്യ്, ഇന്നലെ ഇവിടെ മുദ്രാവാക്യം വിളിച്ചു കൊണ്ട് ഒരു ജാഥ ഉണ്ടായില്ലേ?”
തീയിൽ കുരുത്ത പ്രസ്ഥാനം, വെയിലേറ്റാൽ വാടില്ല എന്നൊക്കെ വാസ്തവത്തിൽ, തീയിൽ കുരുക്കാൻ ശേഷിയുള്ളത് സെക്വൊയ മരങ്ങൾക്ക് മാത്രം.
ഈ മരങ്ങളുടെ ചുവട് കണ്ടാൽ ആനയുടെ പാദം പോലെ പരന്നിരിക്കും. എടൈയ്യ്, ഐരാവതം എന്ന ദേവേന്ദ്രന്റെ ഒരു ആന ഇല്ലേ, ദേവലോകത്തുനിന്നും ഈ ആന ഭൂമിയിലേക്ക് കാലുകുത്തി നില്കുന്നു എന്നതോന്നലാണ് ഈ മരങ്ങളുടെ പാദങ്ങൾ കാണുമ്പോൾ തോന്നുന്നത്. അതേയ്, സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ പാതാളം എന്നും സമതലങ്ങളെ ഭൂമി എന്നും, ഉയർന്ന നിരപ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ ദേവലോകം എന്നും നമുക്ക് അനുമാനിക്കാം. അങ്ങനെ നോക്കുമ്പോൾ ഞാൻ പറഞ്ഞതും ശരിയാകാം. റെഡ് വുഡ് കോണിഫെറസ് വിഭാഗത്തിൽ പെടുന്ന സെക്വൊയ മരങ്ങളെ കുറിച്ച് അടുത്ത ക്ലാസ്സിൽ കൂടുതൽ പഠിപ്പിക്കാം” എന്നറിയിച്ചുകൊണ്ട്, വട സാർ മുറുക്കാൻ പൊതി ലക്ഷ്യമാക്കി സ്റ്റാഫ് റൂമിലേക്ക് യാത്രയായി.
വിധിയുടെ കൊടുംകാറ്റിൽ പെട്ട്, ഡൽഹി പോലും വിദൂരമാണ് എന്നു ധരിച്ചിരുന്ന ഞാൻ എങ്ങനെയോ അമേരിക്കയിൽ എത്തിപ്പെട്ടു. ആദ്യത്തെ അവധിക്ക് നാട്ടിൽ ചെന്നപ്പോൾ വട സാറിനെ അവിചാരിതമായി കണ്ടുമുട്ടി. സാർ ചോദിച്ചു,
“എടൈയ്യ്, സെക്വൊയ മരങ്ങളെ കാണാൻ പോയിരുന്നോ”.
“ഇല്ല സാർ ഒരുദിവസം തീർച്ചയായും ഞാൻ പോകുന്നുണ്ട്.”
പലവട്ടം പോകാനൊരുങ്ങിയെങ്കിലും മുപ്പതുവർഷത്തെ കാത്തിരിപ്പു വേണ്ടിവന്നു യാത്ര ആരംഭിക്കാൻ.
ഓണം മലയാളികൾ ആഘോഷിക്കുന്നതുപോലെ , അമേരിക്കക്കാർ ആഘോഷിക്കുന്ന താങ്ക്സ് ഗിവിങ് അവധി ദിവസം, കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്ക്കോയിൽ നിന്നും അഞ്ചു മണിക്കൂർ ദൂരമുള്ള സെക്വൊയ നാഷണൽ പാർക്ക് സന്ദർശിക്കുവാൻ ഞാൻ പുറപ്പെട്ടു. പോകുന്നതിന് മുമ്പുതന്നെ ഗൂഗിളിൽ അന്വേഷിച്ച്, ലോകത്തിലെ ഏറ്റവും വലിയ മരമായ “ജനറൽ ഷെർമൻ” എന്ന സെക്വൊയ മരം ഇവിടെ സ്ഥിതിചെയ്യന്നു എന്നും, രണ്ടായിരം വർഷങ്ങൾക്ക് മുകളിൽ ഈ മരത്തിന് പ്രായമുണ്ട് എന്നും അറിയാൻ സാധിച്ചു. പ്രതിബന്ധങ്ങൾ എന്തുതന്നെയുണ്ടായാലും, ജനറൽ ഷെർമൻ എന്ന മരമുത്തച്ഛനെ കണ്ടിട്ടു തന്നെ എന്ന് മനസ്സിൽ ഉറപ്പിച്ചു. പാർക്ക് സ്ഥിതി ചെയ്യുന്ന മലമുകളിൽ, ഐസ് പിടിച്ചുകിടക്കുന്ന റോഡിൽ വാഹനം കുടുങ്ങി പോകാതിരിക്കുവാൻ, ടയറിന് പുറത്ത് ചുറ്റി ഇടുന്ന ചങ്ങലയും വാങ്ങിയാണ് യാത്ര തുടങ്ങിയത്.
വഴിവിളക്കുകൾ ഇല്ലാത്ത വിജനമായ അപരിചിത പാതയിലൂടെ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് വാഹനം മുന്നോട്ടു പോകുമ്പോൾ “ജനറൽ ഷെർമനെ” മനസ്സിൽ ധ്യാനിച്ച് ധൈര്യം സംഭരിക്കുവാൻ ശ്രമിച്ചു. മണിക്കൂറുകൾ യാത്ര ചെയ്തു കഴിഞ്ഞപ്പോൾ, ചെമ്പുനിറത്തിലുള്ള ഒരു സൂര്യകിരണം, റോഡിനരികിലെ സൈൻ ബോര്ഡിനിടയിലൂടെ കടന്നുവരുന്നു.
വേർപെട്ടുപോകുവാൻ വിസമ്മതിച്ചുകൊണ്ട്, ചുറ്റും വട്ടം കൂടി നിൽക്കുന്ന ഇരുട്ടിലൂടെ, സുരക്ഷിതമായി മുന്നോട്ടു യാത്ര ചെയ്യുവാൻ ദിനകരൻ എനിക്ക് ടോർച്ച് തെളിച്ച് വഴികാട്ടിത്തരുന്നുവോ!
അനേക വർഷങ്ങളുടെ എൻ്റെ കാത്തിരുപ്പ് അവസാനിക്കുന്ന ഈ ദിവസം യഥാർത്ഥ്യമാക്കിത്തീർക്കുവാൻ അന്ധകാരത്തിന്റെ അന്തകനായ അരുണൻ ഉദിച്ചുയരാറാവുന്നു.
സെക്വൊയ നാഷണൽ പാർക്കിനെ ലക്ഷ്യം വെച്ചുകൊണ്ട് വാഹനം മുന്നോട്ടുപോയപ്പോൾ ഇരുവശങ്ങളും തരിശ്ശായി കിടക്കുന്ന ഭൂപ്രകൃതി. അമേരിക്കയിൽ ഇത്രയും തരിശൂഭൂമിയോ? തവിട്ടുനിറത്തിലുള്ള മണ്ണിലാൽ പൊതിഞ്ഞ മൊട്ടകുന്നുകളുടെ നിലക്കാത്ത നിരകൾ. മണിക്കൂറുകൾ സഞ്ചരിച്ചു കഴിയുമ്പോൾ കാണുന്ന ചെറിയ രണ്ടുമൂന്നു കടകൾ. സെക്വൊയ മരങ്ങൾ വളരുന്ന, ആകാശം മുട്ടിനിൽകുന്ന വന്മലനിരകൾ ദൂരെനിന്നും കാണുവാൻ സാധിച്ചു. ചില പർവതങ്ങളുടെ ശിഖരങ്ങൾക്ക് ഐസ് മൂടികിടക്കുന്നത് കൊണ്ട് വെള്ളിനിറം. റോഡിനു വശത്തുകൂടി വലിയ ഒരരുവി ഒഴുകുന്നു. പർവതങ്ങളുടെ ചുവടെ സമതലമായി കാണപ്പെട്ട സ്ഥലത്ത് ആയിരക്കണക്കിന് ഏക്കർ ഓറഞ്ചു കൃഷി. താഴെ വീണുകിടക്കുന്ന പഴുത്ത ഓറഞ്ചുകൾ ആരുംതന്നെ പെറുക്കിഎടുക്കുന്നതായി കണ്ടിരുന്നില്ല. വാഹനം നിറുത്തി കുറച്ച് ഓറഞ്ചുകൾ പെറുക്കി എടുത്താലോ? അയ്യോ വേണ്ട, യാത്ര താമസിച്ചാൽ ചിലപ്പോൾ ജനറൽ ഷെർമനെ കാണാൻ സാധിച്ചില്ലെങ്കിലൊ. വഴികൾ മുടക്കുന്ന മഞ്ഞു വീഴ്ച എപ്പോൾ തുടങ്ങുമെന്ന് അറിയാൻ സാധിക്കില്ല.
ഇവിടെ കണ്ട ഒരു കൃഷി സ്ഥലത്തിന് “റെഡ്ഡീസ് ഫാം” എന്നാണ് പേര്. ഇന്ത്യക്കാർ കാലിഫോർണിയയിലും എത്തി കൃഷി തുടങ്ങിയിരിക്കുന്നു!
സിയേറ നെവാദ പർവതനിരകളുടെ മുകളിലേക്കുള്ള കയറ്റം, താമരശ്ശേരി ചുരത്തെ അനുസ്മരിപ്പിച്ചു. ഹെയർപിൻ വളവുകളും, വശങ്ങളിലെ അഗാധ ഗർത്തങ്ങളും, പാറകളും മരങ്ങളും മുകളിൽ നിന്നും റോഡിലേക്ക് വീഴുവാൻ സാദ്ധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പുകളും, ഹൃദയമിടുപ്പിനെ ക്രമേണ വർദ്ധിപ്പിച്ചുകൊണ്ടുവന്നു. അപകട സാദ്ധ്യത ഏറെയുള്ള സ്ഥലങ്ങളിൽ അര മതിലുകൾ കെട്ടിയും. വേഗതകുറക്കാനുള്ള നിർദേശങ്ങളൂം ഒക്കെയായി സുരക്ഷിതത്വം പരമാവധി ഉറപ്പു വരുത്തുവാൻ അധികൃതർ ശ്രമിച്ചിരിക്കുന്നു.
ഒരു ഹെയർ പിൻ വളവുകഴിഞ്ഞപ്പോൾ, മുന്നോട്ടുപോകുവാൻ സാധിക്കാതെ നിറുത്തിയിട്ടിരിക്കുന്ന കാറുകളുടെ നീണ്ട നിര. മലയിടിഞ്ഞുവീണ് റോഡ് തടസ്സപ്പെട്ടതുകൊണ്ട് യാത്ര തുടരാൻ സാധിക്കില്ലത്രേ.
എൻറെ ദൈവമേ, ചതിച്ചോ? ജനറൽ ഷെർമന്റെ അടുത്തുവരെയെത്തിയിട്ട് കാണാൻ സാധിക്കാതെ തിരികെ പോകേണ്ടി വരുമോ? രണ്ടായിരം അടി ഉയരം എന്ന് പാതവക്കത്തെ അറിയിപ്പ് ബോർഡ് സൂചിപ്പിച്ചു. ആറായിരം അടി ഉയരത്തിൽ എത്തിയാലേ ഒരു സെക്വൊയ മരമെങ്കിലും കാണുവാൻ സാധിക്കൂ. വടസാറിന് കൊടുത്ത വാക്ക്, പഴംചാക്കാകുമോ! പാതയോരത്ത് മറിഞ്ഞു കിടക്കുന്ന രൂപത്തിൽ കണ്ട വലിയ പാറയുടെ മുകളിൽ കയറി അവിടെനിന്നും നോക്കിയാൽ സെക്വൊയ മരങ്ങളെ കാണുവാൻ സാധിക്കുമോ എന്ന ഒരു വൃഥാ ശ്രമവും ഞാൻ നടത്തി.
പാർക്ക് റേഞ്ചേഴ്സ് (ഫോറെസ്റ് ഗാർഡ് ) റോഡിലെ തടസ്സം നീക്കുന്നുണ്ടെന്നും, ഒരുമണിക്കൂർ കഴിയുമ്പോൾ യാത്ര തുടങ്ങാൻ സാധിക്കുമെന്നും അറിയാൻ കഴിഞ്ഞു.
ഹാവൂ ആശ്വാസമായി..
അവിടെനിന്നും രക്ഷപെട്ട് മൂവായിരം അടി ഉയരത്തിലെത്തിയപ്പോൾ റോഡിനരികിൽ ഒരു മാൻ കൂട്ടം പ്രത്യക്ഷപ്പട്ടു. ദൈവമേ പണികിട്ടിയല്ലോ, എന്ന് പണ്ടത്തെ ഓർമ്മവച്ച് അങ്ങ് പറഞ്ഞുപോയി. അഞ്ചുവർഷം മു മ്പ് ഇതേപോലുള്ള ഒരുയാത്രയിൽ ആണ് ദൂരെ വച്ച് ഒരുമാനിനെ റോഡ് സൈഡിൽ കണ്ടത്. എൺപതു മയിൽ വേഗതയിൽ ഓടിക്കൊണ്ടിരുന്ന വണ്ടി അടുത്തെത്തിയപ്പോൾ “ടപ്പേ” എന്ന ഒരു ശബ്ദത്താൽ റോഡരികിൽ നിന്നും കാറിനു മുകളിലേക്ക് മാൻ ചാടിവീണു. റോഡിന്റെ മറുസൈഡിലേക്ക് ചിതറി തെറിച്ചുപോയ മാനിനെ ഓർത്തു നെടുവീർപ്പിട്ടപ്പോൾ, “”ഗുഡു ഗുഡ് ഗുഡ്” എന്ന ശബ്ദത്താൽ വണ്ടി ആകെ താറുമാറായി റോഡരികിലേക്ക് തെന്നി നിന്നുപോയി. ഭാഗ്യം, ഒന്നു കൊണ്ടുമാത്രമാണ് ജീവഹാനിയിൽ നിന്നും അന്ന് രക്ഷപെട്ടത്.
പണ്ട് നിൻറെ ബന്ധു ചാടിയതുപോലെ അയ്യോ ഇപ്പോൾ ചാടിയേക്കരുതേ, എന്റെ മാനേ—മധുരക്കരിമ്പേ എന്നപേക്ഷിച്ച് വണ്ടിയുടെ വേഗത പരമാവധി കുറച്ചു.
പാർക്കിലേക്കുള്ള പ്രവേശന ഫീസ് നൽകിയ സ്ഥലത്തുനിന്നും ലഭിച്ച മാപ്പുപയോഗിച്ച് ജനറൽ ഷെർമൻ മരം കാണാനുള്ള നടപ്പാത ലക്ഷ്യമാക്കി യാത്ര തുടർന്നു. പാർക്കിനുള്ളിലെ പല റോഡുകളും ഐസ് മൂടികിടക്കുന്നതുകൊണ്ട്, പ്രവേശനം നിഷേധിച്ച്, പാർക്ക് റേഞ്ചേഴ്സ് അവരുടെ വാഹനവുമായി നിലയുറപ്പിച്ചിരിക്കുന്നു.
മുപ്പതു വർഷങ്ങളേറെയായുള്ള എൻറെ കാത്തിരിപ്പ് നിഷ്ഫലമാവുമോ? ആറായിരം അടിമുകളിൽ എത്തിയിട്ട് സെക്വൊയ മരങ്ങളെ കാണാതെ തിരിച്ചുപോകേണ്ടി വരുമോ. ഇങ്ങോട്ടുള്ള വഴിയാത്രയിൽ, പുലർകാലത്ത് സഹായിച്ച ആദിത്യനെ സ്മരിച്ചുകൊണ്ട്, വഴിമുടക്കി കിടക്കുന്ന ഹിമകണങ്ങളെ അല്പം ചൂടുകൊടുത്ത് ഉരുക്കിതരേണമേ എന്നപേക്ഷിച്ചു.
വീണ്ടും മലകൾ കയറി വാഹനം ജനറൽ ഷെർമൻ സന്ദർശിക്കാനുള്ള നടപ്പാതയിലേക്കുള്ള പാർക്കിങ്ങ് സ്ഥലത്തെത്തി. അവിടെ മുന്നറിയിപ്പ് ബോർഡുകൾ. “ഭക്ഷണ സാധനങ്ങൾ വണ്ടിയിൽ വച്ചിട്ട് പോകരുത്. കരടിയുടെ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ട്”. ബാക്ക് പാക്കിൽ വെള്ളക്കുപ്പിയും, കുക്കിയുമെല്ലാം കരുതി ഒരു കിലോമീറ്ററോളം ദൂരമുള്ള നടപ്പാത ലക്ഷ്യമാക്കി സഞ്ചാരം തുടങ്ങി. “ജനറൽ ഷെർമൻ ട്രെയിൽ” എന്നെഴുതിയ മനോഹരമായ പ്രവേശന കൂടാരത്തിനുമുമ്പിൽവച്ച് പാർക്ക് റേഞ്ചേഴ്സ് ഞങ്ങളെ തടഞ്ഞു. നടപ്പാതയുടെ രണ്ടുമയിലിനപ്പുറത്ത് കരടി ഇറങ്ങിയിട്ടുണ്ട്. കരടി ദൂരേക്ക് പോയതിനുശേഷം മാത്രം മുന്നോട്ടുപോയാൽ മതി. ഹിമപാതം മൂലം റോഡുകൾ അപകടകരമാവുമ്പോൾ, അതിലൂടെയുള്ള സഞ്ചാരം തടഞ്ഞും, വിനോദ സഞ്ചാരികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി പാർക്കിലെ അനുഭവം സന്തോഷകരമാക്കുവാനും, ഫോറസ്ററ് റേഞ്ചേഴ്സ് പരമാവധി ശ്രമിക്കുന്നു. പക്ഷെ അപ്പോൾ എനിക്കുതോന്നിയത്, ആറ്റുനോറ്റു കാത്തിരുന്നു ഈ അസുലഭനിമിഷം എന്നിൽ നിന്നും തട്ടിയെടുക്കുന്ന കിങ്കരന്മാരാണിവർ എന്നാണ്. ഇടക്കിടെ ഇവർ കയ്യിലുള്ള “വാക്കീ ടോക്കി” യിലൂടെ മറ്റുള്ള റേഞ്ചേഴ്സ്മായി ആശയ വിനിമയം നടത്തുന്നു. അവിടെ കാത്തിരുന്ന ഓരോമിനിട്ടും ഓരോ മണിക്കൂറുകളായി അനുഭവപെട്ടു. അസ്വസ്ഥതയോടെ, മുന്നോട്ടും പിന്നോട്ടും നടക്കുവാൻ ആരംഭിച്ചു. ഇത്ര അടുത്തുവന്നിട്ടും കാണാൻ സാധിക്കാതെ വന്നാൽ…
ചുറ്റുപാടും കുമിഞ്ഞു കൂടികിടക്കുന്ന മഞ്ഞിനോടൊപ്പം നിരാശയുടെ കാർമേഘങ്ങളും എന്നുള്ളിൽ രൂപപെടുവാൻ തുടങ്ങി. ഏതാണ്ട് ഒരുമണിക്കൂർ കാത്തിരുന്നപ്പോൾ പ്രത്യാശയുടെ ദിവ്യ സംഗീതമായി റേഞ്ചേഴ്സിന്റെ വാക്കിടോക്കി ശബ്ദിച്ചു. കരടി വളരെ ദൂരേക്ക് പോയിരിക്കുന്നു, അപകടം ഒഴിവായി.
ഹാവൂ സമാധാനമായി!
നടപ്പാതയിലെ ഐസിൽ തെന്നിവീഴാതിരിക്കാൻ അറ്റം കൂർത്ത “വാക്കിങ് സ്റ്റിക്ക്” നിലത്ത്, കുത്തി, കുത്തിയാണ് പലരും നടക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ “ജനറൽ ഷെർമനെ” കാണാൻ എത്തിക്കൊണ്ടിരിക്കുന്നു. മറ്റെന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് മരത്തിനടുത്തെത്താൻ, വേഗത്തിൽ നടക്കാൻ ആരംഭിച്ചപ്പോൾ, ഐസിൽ വഴുതി വീഴുവാൻ തുടങ്ങി. വഴിവക്കിലെ ചെറിയ ഒരുമരത്തിൽ പിടിച്ചതുകൊണ്ട് വലിയ വീഴ്ചയിൽ നിന്നും രക്ഷപെട്ടു. അങ്ങനെ അവസാനം സുമുഹൂർത്തമായി.
കൺമുന്നിൽ അതാ ഭീമാകാരനായ മുതുമുത്തച്ഛൻ, എല്ലാ പ്രൗഢിയിലും വിണ്ണിലേക്ക് തലയുയർത്തി നില്കുന്നു. വടസാർ പണ്ടുപറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിതന്നെ. മരത്തിന്റെ ചുവടുകണ്ടാൽ ആനയുടെ പാദം പോലെ തോന്നുന്നു. എത്രനേരം അവിടെ ആശ്ചര്യപ്പെട്ടു നിന്നുപോയി എന്നറിയില്ല.
കർണാടിക് സംഗീതത്തിലെ
“എന്തരോ മഹാനുഭാവലു
ആന്തരികി വന്ദനമുലു”
എന്ന കീർത്തനം അറിയാതെ മൂളിപ്പോയി.
അടുത്തുചെന്ന് ഒന്ന് തൊട്ടുനോക്കിയാലോ?
സാധിക്കില്ല, മരത്തിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. മരമുത്തശ്ശനുചുറ്റും നടന്നു വലംവച്ചു. രണ്ടായിരത്തി ഇരുനൂറു വയസുള്ള മരത്തോട്, ദീർഘായുസ്സിന്റെ രഹസ്യം ചോദിച്ചറിഞ്ഞാൽ കൊള്ളാമായിരുന്നു എന്നാഗ്രഹിച്ചു. മരത്തിനടുത്തുള്ള ഫലകത്തിൽ 52500 കുബിക് ഫീറ്റാണ് മരത്തിന്റെ വ്യാപ്തം എന്നും, മരം വെള്ളം കൊണ്ട് നിറച്ചാൽ, ഒരുമനുഷ്യന് 27 വർഷം ദിവസത്തിൽ ഒരു പ്രാവശ്യം കുളിക്കാനുള്ള ജലം മരത്തിൽ ഉൾകൊള്ളിക്കാമെന്നും എഴുതി വച്ചിരിക്കുന്നു.
“ജനറൽ ഷെർമനെ” കൺകുളിർക്കെ കണ്ട് തിരികെ നടക്കുമ്പോഴാണ് ചുറ്റുപാടുകൾ കൂടുതൽ ശ്രദ്ധിച്ചത്. മൂവായിരം വർഷം മുതൽ താഴേക്ക് പ്രായമുള്ള അനേകം സെക്വൊയ മരങ്ങൾ പ്രദേശമാകെ പന്തലിച്ചു നിലകൊള്ളുന്നു.
“അയ്യോ നൂറുവർഷങ്ങൾക്കുള്ളിൽ നിങ്ങളെല്ലാം ഇല്ലാതാവുമല്ലോ” എന്ന് സന്ദർശകരെ നോക്കി ഈ അതികായകന്മാർ പരിതപിക്കുന്നുവോ?
ഈ മരങ്ങൾ, കാലനില്ലാത്ത കാലം എന്ന പദ്യത്തെ ഓർമിപ്പിച്ചു.
“വൃദ്ധൻമാറൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തുകൊൾവതിനേതും കഴിവില്ല കാലനില്ല
മുത്തച്ഛൻ മുതുക്കൻറെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീലാ…“
പാർക്കിനുള്ളിലെ ഒരു മലംചെരുവിൽ എല്ലാമരങ്ങളും കരിഞ്ഞു നില്കുന്നു. എതിർവശത്താവട്ടെ, ഒരു മരം ഉയരത്തിന്റെ പകുതിയോളം കത്തിയിട്ടും വീണ്ടും വളരുന്നു. ആ മരത്തിൻറെ തൊട്ടടുത്ത് ആയിരം വർഷമെങ്കിലും പ്രായമുള്ള ഒരു മുത്തശ്ശൻ. ഇരുമരങ്ങളും തൊട്ടുതൊട്ടാണ് നില്കുന്നത് എങ്കിലും അഗ്നിക്ക് മുത്തശ്ശനെ ഒരു പോറൽ പോലും ഏല്പിക്കുവാൻ സാധിച്ചിട്ടില്ല. അതിജീവനത്തിന്റെ എല്ലാ തന്ത്രങ്ങളും പഠിച്ച്, ഒരഗ്നിക്കും എന്നെ ചാരമാക്കാൻ സാധിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് തല ഉയർത്തിനിൽക്കുന്ന ഈ മുത്തച്ഛനെ തൊട്ടടുത്തുചെന്ന് വീക്ഷിക്കാനൊരു മോഹം. നടപ്പാതയോരത്ത് തൂളികിടക്കുന്ന തൂവെള്ളനിറത്തിലുള്ള ഹിമശകലങ്ങൾ, അലക്കിത്തേച്ച വെള്ള ഷർട്ടും, വെള്ള ഡബിൾ മുണ്ടും ഓർമ്മ പെടുത്തുന്നുവോ??? ഇപ്പോൾ ദേവലോകത്തിലിരുന്ന് വട സാർ അവിടെയുള്ള മരങ്ങളെകുറിച്ച് പഠിക്കുക ആയിരിക്കുമോ?
അറിയാതെ, അറിയാതെ, ഉള്ളിന്റെ ഉള്ളിൽ നിന്നും പൊട്ടിവിടർന്ന ഒരുന്മാദാവസ്ഥയിൽ വട സാറിന്റെ ശബ്ദത്തിൽ ഒരു ചോദ്യം,
“എടൈയ്യ്, സെക്വൊയ മുത്തശ്ശാ, ഞാനൊരിക്കൽ, ഒരിക്കൽ മാത്രം അങ്ങയെ ഒന്നു പുണർന്നോട്ടെ!”?