വർഷങ്ങള്‍ക്കു ശേഷം ഇസ്രയേലിനുനേരെ ഫലസ്തീൻ ഭീകര സംഘടന ഹമാസ് നടത്തിയ ഏറ്റവും മാരകമായ ആക്രമണത്തെത്തുടർന്ന് ലെബനനിലെ ശക്തമായ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും ഞായറാഴ്ച പീരങ്കികളും റോക്കറ്റുകളുമായി ഇസ്രയേലിനെതിരെ ആക്രമണം നടത്തി.
ഞായറാഴ്ച നടന്ന വെടിവയ്പിൽ ലെബനനിലും ഇസ്രായേലിലും ആളപായമുണ്ടായതായി ഉടനടി റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
ശനിയാഴ്ച, ഹമാസ് തീവ്രവാദികള്‍ ഇസ്രായേൽ പട്ടണങ്ങളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 250 ഇസ്രായേലികൾ കൊല്ലപ്പെട്ടു. എന്നാല്‍, ഇസ്രായേലിന്റെ പ്രതികാര ബോംബാക്രമണത്തിൽ 300 ലധികം ഫലസ്തീനികളും കൊല്ലപ്പെട്ടു.
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഷെബാ ഫാമുകളിലെ മൂന്ന് പോസ്റ്റുകളിലേക്ക് ഗൈഡഡ് റോക്കറ്റുകളും പീരങ്കികളും വിക്ഷേപിച്ചതായി ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഞായറാഴ്ച പറഞ്ഞു.
അതിർത്തി കടന്ന് വെടിവയ്പ്പ് നടത്തിയ ലെബനനിലെ ഒരു പ്രദേശത്തേക്ക് പീരങ്കികൾ പ്രയോഗിച്ചതായി ഇസ്രായേലി സൈന്യം ഞായറാഴ്ച പറഞ്ഞു. “ഐഡിഎഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) പീരങ്കികൾ നിലവിൽ ലെബനനിലെ പ്രദേശത്ത് വെടിവയ്പ്പ് നടത്തിയ പ്രദേശം ആക്രമിക്കുകയാണെന്നും” അവര്‍ പറഞ്ഞു.
ഷെബായിലെ ഹർ ഡോവ് പ്രദേശത്തെ ഹിസ്ബുല്ല പോസ്റ്റിൽ തങ്ങളുടെ ഡ്രോണുകൾ ഇടിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഈ ഘട്ടത്തിൽ, ഹാർ ഡോവിലോ വടക്കൻ മേഖലയിലോ കൂടുതൽ ഭീഷണിയില്ലെന്നും, സൈന്യം അതീവ ജാഗ്രതയിലാണെന്നും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഹർദോവിൽ ഇതേ പ്രദേശത്ത് വെച്ച് നിരവധി പേരെ “സംശയാസ്പദമായ” രീതിയില്‍ കണ്ടെന്നും, അവര്‍ക്ക് നേരെ ഒരു മുന്നറിയിപ്പ് വെടിയുതിർത്തതായും ഐഡിഎഫ് പിന്നീട് പറഞ്ഞു.
ഷെബാ ഫാമിൽ ഹിസ്ബുള്ള സ്ഥാപിച്ചിരുന്ന കൂടാരം തകർത്തയായും ഹിസ്ബുള്ള പോരാളികൾ പുതിയത് സ്ഥാപിച്ചതായും ലെബനൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം രണ്ടാമത്തെ വെടിവയ്പ്പ് നടന്നു, ലെബനനിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ ഷെബാ ഫാമുകളിലെ ഇസ്രായേലി സ്ഥാനങ്ങളിൽ വീണ്ടും ആക്രമണം നടത്തിയെന്നും കഫർ ഷൗബ ഗ്രാമത്തിൽ പീരങ്കി വെടിവയ്പ്പിലൂടെ ഇസ്രായേൽ പ്രതികരിച്ചതായും രണ്ട് ലെബനൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാമത്തെ സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്നോ ലെബനൻ സൈന്യത്തിൽ നിന്നോ ഉടനടി അഭിപ്രായമൊന്നും ഉണ്ടായില്ല. സൈന്യം പട്രോളിംഗ് ശക്തമാക്കിയതായി അജ്ഞാതാവസ്ഥയിൽ സംസാരിച്ച ഒരു പ്രത്യേക ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു.
1967 മുതൽ 15 ചതുരശ്ര മൈൽ (39 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഷെബാ ഫാമുകൾ ഇസ്രായേൽ കൈവശം വെച്ചിരിക്കുകയാണ്. സിറിയയും ലെബനനും ഷെബാ ഫാമുകൾ ലെബനീസിന്റേതാണെന്ന് അവകാശപ്പെടുന്നു.
UNIFIL എന്നറിയപ്പെടുന്ന തെക്കൻ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യം, “തെക്ക് കിഴക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ അധിനിവേശ പ്രദേശത്തേക്ക് നിരവധി റോക്കറ്റുകൾ തൊടുത്തുവിട്ടതായി” കണ്ടെത്തി. കൂടാതെ, ഇസ്രായേലിൽ നിന്ന് ലെബനനിലേക്ക് പീരങ്കി വെടിവയ്പ്പും കണ്ടെത്തി.
സാഹചര്യം നിയന്ത്രിക്കുന്നതിനും കൂടുതൽ ഗുരുതരമായ വർദ്ധനവ് ഒഴിവാക്കുന്നതിനുമായി ഞങ്ങൾ ബ്ലൂ ലൈനിന്റെ ഇരുവശത്തുമുള്ള എല്ലാ തലങ്ങളിലുമുള്ള അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് UNIFIL വക്താവ് ആൻഡ്രിയ ടെനെന്റി പറഞ്ഞു.
2000-ൽ തെക്കൻ ലെബനൻ വിട്ടപ്പോൾ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ സ്ഥലത്തെ അടയാളപ്പെടുത്തുന്ന ബ്ലൂ ലൈൻ ലെബനനും ഇസ്രായേലും തമ്മിലുള്ള അതിർത്തി രേഖയാണ്.
റോക്കറ്റ് വിക്ഷേപണങ്ങളെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ ഇസ്രായേലിലെയും ഗാസയിലെയും സംഭവവികാസങ്ങളെത്തുടർന്ന് തെക്കൻ ലെബനനിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചതായി ശനിയാഴ്ച UNIFIL പറഞ്ഞു.
ഇപ്പോഴത്തെ സംഭവവികാസത്തില്‍ താൻ വളരെയധികം ആശങ്കാകുലയാണെന്നും, ലെബനനെയും അതിലെ ജനങ്ങളെയും കൂടുതൽ സംഘർഷത്തിൽ നിന്ന് രക്ഷിക്കാൻ കക്ഷികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു എന്ന് ലബനനിലെ യുഎന്നിന്റെ പ്രത്യേക കോഓർഡിനേറ്റർ ജോഅന്ന വ്രൊനെക്ക എക്സില്‍ കുറിച്ചു.
തെക്കൻ ലെബനനെ ഫലപ്രദമായി നിയന്ത്രിക്കുന്ന ഹിസ്ബുള്ള, ഫലസ്തീനിയൻ “റെസിസ്റ്റൻസ്” ഗ്രൂപ്പുകളുടെ നേതാക്കളുമായി “നേരിട്ട്” സമ്പർക്കത്തിലാണെന്നും ഇസ്രായേലിന്റെ തുടർച്ചയായ അധിനിവേശത്തോടുള്ള നിർണായക പ്രതികരണമായും സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സന്ദേശമായും ഫലസ്തീൻ ആക്രമണത്തെ കാണുന്നതായും പറഞ്ഞു.