വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി വരുന്ന ആദ്യ കപ്പല്‍ ‘ജെന്‍ ഹുവാ 15 ന് ജലധാര നല്കി സ്വാഗതം ചെയ്യും. തുറമുഖ ബര്‍ത്തിന് സമീപം എത്തിക്കുന്നതിനായി ബര്‍ത്തിന് പുറത്ത് പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ടഗ്ലുകളില്‍ നിന്നാണ് ജലധാര.
സ്വീകരണ പവലിയന് ഒരുക്കുന്നതിനുള്ള സാമഗ്രികള്‍ ഇന്നലെ വിഴിഞ്ഞം യാര്‍ഡില്‍ എത്തിച്ചു. വിഴിഞ്ഞം തുറമുഖ ഓപ്പറേറ്റിംഗ് ഓഫീസിനും യാര്‍ഡിനും മുന്നില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്. പന്തല്‍ ഉയരുന്നതോടെ തുറമുഖ യാര്‍ഡും ബര്‍ത്തും പരിസരവും ഉത്സവ പ്രതീതിയിലാകും. തുറമുഖ നിര്‍മാണ സ്ഥലത്ത് വൈദ്യുത വിളക്കുകള്‍ ഉണ്ടാകും. ആളുകള്‍ കൂട്ടംകൂടുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. പ്രത്യേക പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീമിനെയും വിന്യസിക്കും.
മുന്ദ്ര തുറമുഖത്ത് നിന്ന് പുറപ്പെട്ട് മംഗളൂരു പിന്നിട്ട കപ്പല്‍ ഒക്ടോബര്‍ 12ന് രാവിലെ വിഴിഞ്ഞം തീരത്ത് നങ്കുരമിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ വിഴിഞ്ഞത്ത് നിന്ന് കാണാം.
വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പല്‍ കാണാന്‍ നാടുകാരുള്പ്പെടെയുള്ള ജനക്കൂട്ടം കാത്തിരിക്കുകയാണ്. നിയന്ത്രണമുണ്ടായിരുന്നതിനാല്‍ തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചതു മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. കപ്പലിന്റെ വരവിനൊപ്പം ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖവും കാണാന്‍ കാത്തിരിക്കുകയാണ് നാട്ടുകാരും.
കപ്പല്‍ തുറമുഖത്ത് എത്തിക്കാന്‍ 4 ടഗുകള്‍ വിഴിഞ്ഞത്ത് എത്തിച്ചു. ഡോള്‍ഫിന്‍ 12, 27, 35 സീരീസ് ടഗ്ഗുകളും ഓഷ്യന്‍ സ്പിരിറ്റും വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ആദ്യ കപ്പലിനെ വരവേല്‍ക്കാനുള്ള ഓദ്യോഗിക ചടങ്ങ് 15ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കപ്പലിനെ സ്വീകരിക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിക്കും.