എല്ലാ വീടുകളിലും കുടിവെള്ളം: അമൃത് 2.0 പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം തൊടുപുഴയില്‍ ജലവിഭവ വകുപ്പ് മന്ത്രി നിര്‍‌വ്വഹിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ അമൃത് 2.0 സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നഗരസഭയിലെ 35 വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്ന എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷനുകൾ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളിൽ അമൃത് പദ്ധതിയും ഗ്രാമീണമേഖലയിൽ ജലജീവൻ മിഷൻ പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കാൻ കേരളത്തിന് സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

9.64 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിരിക്കുന്നത്. 2000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്ന പദ്ധതി നാല് പാക്കേജുകളായാണ് നടപ്പിലാക്കുക. 13-ാം വാർഡിലെ ഇടികെട്ടിപ്പാറ, 11-ാം വാർഡിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലായി ടാങ്കുകളുടെ നിർമ്മാണവും പൈപ്പിടലും ഒരേ സമയം നടപ്പിലാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിലെ 87 നഗരസഭകളിലെയും 6 കോർപറേഷനുകളിലെയും മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് 2.0 കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്.

യോഗത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയർപേഴ്സൺ ജെസ്സി ജോണി, കൗൺസിൽ അംഗങ്ങളായ കെ ദീപക്, ഷീജ ഷാഹുൽ, എം എ കരീം, ബിന്ദു പത്മകുമാർ, പി ജി രാജശേഖരൻ, മാത്യു ജോസഫ്, കേരള വാട്ടർ അതോറിറ്റി തൊടുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

Print Friendly, PDF & Email

Leave a Comment

More News