അമേരിക്കയുടെ ആയുധങ്ങളുമായി ആദ്യ വിമാനം ചൊവ്വാഴ്ച വൈകീട്ട് തെക്കൻ ഇസ്രായേലിൽ ഇറങ്ങിയെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) എക്‌സിൽ പോസ്റ്റ് ചെയ്തു. എന്നാല്‍, ഏത് തരത്തിലുള്ള ആയുധങ്ങളാണെന്നോ സൈനിക ഉപകരണങ്ങളാണെന്നോ ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല.
“യുദ്ധസമയത്ത് പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ പ്രധാന ഭാഗമാണ് നമ്മുടെ സൈന്യങ്ങൾ തമ്മിലുള്ള സഹകരണം,” ഐഡിഎഫിന്റെ പോസ്റ്റ് കൂട്ടിച്ചേർത്തു.
ഹമാസുമായി ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഈയാഴ്ച ഇസ്രായേലിന് യുദ്ധോപകരണങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി.
അതേസമയം, ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ബൈഡനുമായി മൂന്നാം തവണ ടെലിഫോൺ സംഭാഷണം നടത്തി.
“ഐഎസിനേക്കാൾ മോശമാണ് ഹമാസ് എന്നും അവരോട് അങ്ങനെ തന്നെ പെരുമാറണമെന്നും ഞാൻ അദ്ദേഹത്തോട് (ബൈഡനോട്) പറഞ്ഞു,” ചർച്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയ എക്‌സിൽ നെതന്യാഹു പോസ്റ്റ് ചെയ്തു.
“യുഎസ് ഇസ്രായേലിനൊപ്പം നിൽക്കുന്നു” എന്നും “സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും” ബൈഡൻ ആവർത്തിച്ചു പറഞ്ഞതായും പിന്തുണക്ക് നന്ദി പറഞ്ഞു എന്നും നെതന്യാഹു പറഞ്ഞു.
“അവർ ഡസൻ കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി ചുട്ടു കൊല്ലുകയും വധിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ പട്ടാളക്കാരുടെ തല വെട്ടിമാറ്റി, മരുഭൂമിയിലെ കണ്‍സര്‍ട്ടില്‍ പങ്കെടുക്കുകയായിരുന്ന യുവാക്കളെ അവർ കൊലപ്പെടുത്തി… ഇസ്രായേൽ രാജ്യത്തിന്റെ മുഴുവൻ ചരിത്രത്തിലും ഇത്തരമൊരു ക്രൂരത ഞങ്ങൾ കണ്ടിട്ടില്ല…,” നെതന്യാഹു എക്‌സിൽ കുറിച്ചു.
ഹമാസിനെതിരായ യുദ്ധം നാല് ദിവസം പൂർത്തിയാകുമ്പോൾ, ആയിരത്തിലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു, 2,800 ലധികം പേർക്ക് പരിക്കേറ്റു, 50 പേര്‍ ബന്ദികളോ കാണാതായവരോ ആണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു.
ഗാസയിൽ നിന്ന് ഇതുവരെ 4,500-ലധികം റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
മറുവശത്ത്, ഇസ്രായേൽ വ്യോമാക്രമണത്തിൽ 770 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 140 കുട്ടികളും 120 സ്ത്രീകളുമുണ്ടെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.
“ഇസ്രായേൽ യുദ്ധത്തിലാണ്. ഈ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചതല്ല. അത് ഏറ്റവും ക്രൂരമായ രീതിയിൽ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. എന്നാൽ, ഇസ്രായേൽ ഈ യുദ്ധം ആരംഭിച്ചില്ലെങ്കിലും ഇസ്രായേൽ അത് അവസാനിപ്പിക്കും,” നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.