ന്യൂഡൽഹി: ഇസ്രായേലില്‍ സംഘർഷബാധിത മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങൾക്കിടയിൽ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘ഓപ്പറേഷൻ അജയ്’ യുടെ ഉദ്ഘാടന ചാർട്ടർ ഫ്ലൈറ്റ് ഇസ്രായേലിൽ നിന്ന് 212 ഇന്ത്യൻ പൗരന്മാരുമായി ഡല്‍ഹിയിലെത്തി.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഏകദേശം 6 മണിക്ക് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവര്‍ സുരക്ഷിതരായി ഇറങ്ങി. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് 211 മുതിർന്നവരെയും ഒരു ശിശുവിനെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനമാണിത്.
“ആദ്യം വരുന്നവർ ആദ്യം: എന്ന രീതിയിലായിരുന്നു വിമാനത്തില്‍ കയറാനുള്ള അവസരം നല്‍കിയത്. ടെല്‍ അവീവിലെ ഇന്ത്യൻ എംബസിയുടെ ആത്മാർത്ഥമായ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത്. ഇസ്രായേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ വിവരങ്ങൾ മിഷന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. അവരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചെലവുകൾ ഇന്ത്യൻ സർക്കാർ വഹിക്കും.
ടെൽ അവീവ് എയർപോർട്ടിന്റെ ഡിപ്പാർച്ചർ ടെർമിനലിൽ, വിദ്യാർത്ഥികളടക്കം ഉത്കണ്ഠാകുലരായ ഇന്ത്യൻ പൗരന്മാരുടെ നീണ്ട ക്യൂ ‘ഓപ്പറേഷൻ അജയ്’ ദൗത്യത്തിന്റെ ഭാഗമായ പ്രത്യേക വിമാനത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു.
മലയാളികളടക്കം 212 യാത്രക്കാരുമായി വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽ നിന്നും വിമാനം പുറപ്പെട്ടത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാനെത്തിയിരുന്നു.
ഒരാഴ്ച മുൻപ് ഇസ്രയേൽ – പലസ്തീൻ യുദ്ധം രൂക്ഷമായ സാഹചാര്യത്തിൽ വിദ്യാർഥികൾ ഉൾപ്പടെ 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഇതിന് പിന്നാലെ എയർ ഇന്ത്യയുടെ വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്നാണ് സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിച്ചത്. ഇസ്രയേലിൽ നിന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്ട്രേഷൻ സൗകര്യം ഇന്ത്യൻ എംബസി ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള പ്രശ്നം നേരിട്ടാൽ ഇവർക്ക് ഇന്ത്യൻ എംബസിയുടെ എമർജൻസി നമ്പറുകളിൽ അറിയിക്കാവുന്നതാണ്. വ്യോമമേഖല അടച്ചിട്ടില്ലാത്തതിനാൽ ഒഴിപ്പിക്കലല്ല മറിച്ച്, സഹായമെത്തിക്കാനാണ് ഓപ്പറേഷൻ അജയ് നടപ്പാക്കുന്നത്.
ചുരുക്കം ഇന്ത്യക്കാർ വെസ്റ്റ് ബാങ്കിലും ഗാസയിലുമുണ്ട്. ആവശ്യം പ്രകടിപ്പിച്ചാൽ ഇവരേയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിലവിൽ വിമാനങ്ങളാണ് അയക്കുന്നതെങ്കിലും ആവശ്യമെങ്കിൽ നാവികസേനയുടെ കപ്പലുകളും അയക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇരുരാജ്യങ്ങളിലുമായി സൈനികരും സാധാരണക്കാരും ഉൾപ്പടെ 2000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച മുൻപ് ഹമാസ് നടത്തിയ അപ്രതീക്ഷിത സായുധാക്രമണമാണ് യുദ്ധത്തിന് കാരണമായത്. തുടർന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇസ്രയേൽ ഗാസ മുനമ്പിലേയ്ക്ക് തുടർച്ചയായി വ്യോമാക്രമണം നടത്തി. ആക്രമണ പ്രത്യാക്രമണങ്ങളിൽ ഇരു രാജ്യങ്ങളിലും രക്തച്ചൊരിച്ചിൽ ഉണ്ടായി. യുദ്ധത്തിൽ നിരവധി വിദേശ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. 150 ലധികം ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കി.
യുദ്ധത്തെ തുടർന്ന് ഇസ്രയേൽ ഗാസയിൽ ഉപരോധം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഗാസയിലുള്ള രണ്ടര ലക്ഷത്തോളം വരുന്ന ജനത നിലവിൽ വൈദ്യുതി, ശുദ്ധജലം, ഭക്ഷണം എന്നിവ ഇല്ലാതെ നരകിക്കുകയാണ്. യുദ്ധാന്തരീക്ഷത്തിൽ ഇന്ത്യയുൾപ്പടെയുള്ള മറ്റു ലോക രാജ്യങ്ങളും പലസ്തീനും ഇസ്രയേലിനും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. എന്നിരുന്നാലും ഒത്തുതീർപ്പിലൂടെ സമാധാനം നിലനിർത്തുകയാണ് എല്ലാ രാജ്യങ്ങളുടേയും ആത്യന്തിക ലക്ഷ്യം.