പരിശുദ്ധ ബാവായ്ക്ക് ഫിലഡല്‍‌ഫിയയില്‍ ഊഷ്മള സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: ശ്ലൈഹിക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷമെത്തിയ പരി. ബാവായെയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ ഈവാനിയോസിനെയും ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം ഡാനിയേല്‍, കൗണ്‍സില്‍ അംഗം ബിജോ കെ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വറുഗീസ്, സെന്റ് ഗ്രിഗോറിയോസ് ട്രഷറര്‍ ഡീക്കന്‍ ജസ്റ്റിന്‍, ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയം, ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം, ഹണ്ടിംഗ്ടണ്‍വാലി സെ. മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം, ഫിലാഡല്‍ഫിയാ സെ. തോമസ് ഓര്‍ത്തഡോക്സ് ദേവാലയം, ഡ്രെക്സന്‍ ഹില്‍സ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരും സെമിനാരിയന്‍സും അംഗങ്ങളും പങ്കെടുത്തു.

വൈദിക സെക്രട്ടറിയും ഭദ്രാസന കൗണ്‍സില്‍ അംഗവുമായിരുന്ന ഫിലഡല്‍ഫിയയിലെ പ്രഥമ ഓര്‍ത്തഡോക്സ് വൈദികന്‍ അന്തരിച്ച വെരി. റവ. കെ. മത്തായി കോര്‍ എപ്പിസ്കോപ്പയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തതിനു ശേഷം പരി. ബാവാ ന്യൂയോര്‍ക്കിലേക്ക് തിരിക്കും. ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കളാവോസ് സംസ്കാരച്ചടങ്ങുകളില്‍ വ്യാപൃതനായിരുന്നു.

എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസില്‍ ഒക്ടോബര്‍ 21-ന് നടക്കുന്ന ചടങ്ങില്‍ ഭദ്രാസനത്തിലെ ഇടവകകളില്‍ നിന്നുള്ള കാതോലിക്കാദിന ഫണ്ട് പരി. ബാവാ ഏറ്റുവാങ്ങും. ഒക്ടോബര്‍ 22-ന് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ചടങ്ങുകളിലും മറ്റ് ദേവാലയങ്ങളിലുള്ള ഇതര ചടങ്ങുകളിലും ബാവാ പങ്കെടുക്കും.

 

Print Friendly, PDF & Email

Leave a Comment

More News