ടെല്‍ അവീവ്: അഞ്ഞുറിലധികം പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ അല്‍ അഹ്ലി ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം ലോകമെമ്പാടും പ്രതിഷേധത്തിന് ഇടയാക്കി. ഇസ്രയേലിന്റെ പക്ഷത്തുണ്ടായിരുന്ന ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും വ്യോമാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ, ഈജിപ്ത് അതിര്‍ത്തിയിലൂടെ ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഉപാധികളോടെ കരാര്‍ ഉണ്ടാക്കിയതായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന യുഎന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഈ അതിര്‍ത്തി തുറക്കാനും അടയ്ക്കാനുമുള്ള തീരുമാനം എടുക്കുന്നത് ഇസ്രയേലാണ്.
ആക്രമണത്തില്‍ തങ്ങളുടെ പങ്ക് നിഷേധിച്ച ഇസ്രായേല്‍, ഗാസയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഭീകര സംഘടനയായ ഫലസ്തീന് ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ആക്രമണം ലക്ഷ്യം തെറ്റിയപ്പോഴാണ് സ്ഫോടനം നടന്നതെന്ന് പറഞ്ഞു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നതനുസരിച്ച്, ആശുപത്രിക്ക് പിന്നിലെ സെമിത്തേരിയില്‍ നിന്ന് ഇസ്രായേലിന് നേരെ തൊടുത്ത റോക്കറ്റ് ആശുപത്രി വളപ്പിലേക്ക് പതിച്ചു. തെളിവായി ഒരു ശബ്ദരേഖ പുറത്തുവിട്ടു. ആശുപത്രിക്ക് പിന്നില്‍ നിന്ന് റോക്കറ്റ് പായുന്നതിന്റെ വീഡിയോയും ഐഡിഎഫ് പുറത്തുവിട്ടു.
അതേസമയം, മിസൈല്‍ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന നിലപാടില്‍ ഹമാസ് ഉറച്ചുനില്‍ക്കുന്നു. മുസ്ലീം രാജ്യങ്ങളും ഇതേ നിലപാടിലാണ്. “മറ്റേ കക്ഷിയാണ്” സ്ഫോടനം നടത്തിയതെന്ന് ജോ ബൈഡന് പറഞ്ഞു. ഇതേ തുടര്‍ന്ന് ജോ ബൈഡന്റെ സന്ദര്‍ശനം ജോര്‍ദാന്‍ റദ്ദാക്കി. യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് താന്‍ തയ്യാറല്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്നു അല്‍ ഹുസൈന് അല്‍ ഹാഷ്മി വ്യക്തമാക്കി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ്, പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ഗാസയില്‍ നിന്ന് ഈജിപ്ത് വഴി അമേരിക്കക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെ രക്ഷിക്കാനുള്ള ശ്രമം വൈകിയേക്കും. യുഎന്നില്‍ ബ്രസീല്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തത് എരിതീയില്‍ എണ്ണയൊഴിച്ച പോലെയായി.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആശുപത്രി
ആശുപത്രി സമുച്ചയത്തിന്റെ പാര്‍ക്കിംഗ് ഗ്രണ്ടിലാണ് റോക്കറ്റ് പതിച്ചത്. വാഹനങ്ങള്‍ പൊട്ടിത്തെറിച്ചു. ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു. ഓപ്പറേഷന് തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ഇതില്‍ ഉള്‍പ്പെടും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകളുടെ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. കൈകാലുകളും തലയും ചിതറിവീണു. ഇരുന്നുറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.