തിരുവനന്തപുരം: ഗള്‍ഫിലെ മലയാളി പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി.
ഉത്സവ സീസണില്‍ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി
പറഞ്ഞതായി മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.
കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്.പിള്ള, തുറമുഖ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ടി.ജോയ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സെപ്തംബറില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുമെന്ന് സര്‍ബാനന്ദ സോനോവാള്‍ പ്രഖ്യാപിച്ചിരുന്നു.