ഡാളസ്: ജീവിതത്തിൽ തുടർച്ചയായി പ്രതിസന്ധികളും പരിശോധനകളും വരുന്നത് നിരാശയിലേക്കു നയിക്കുന്നതിനല്ല മറിച്ചു ജീവിതത്തെ സമൂലമായി ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണെന്ന് വിശുദ്ധ വേദപുസ്തകത്തിൽ നിന്നും ഇയ്യോന്റെ ജീവിതത്തെ സവിസ്തരം പ്രതിവാദിച്ചുകൊണ്ടു സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡള്ളാസിന്റ വികാരിയും, പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനുമായ റവ. റെജീവ് സുകു അഭിപ്രായപ്പെട്ടു
ഒക്ടോബർ 20 മുതൽ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് പാരിഷ് മിഷനും, യുവജനസഖ്യവും സംയുക്തമായി സംഘടിപ്പിച്ച കൺവെൻഷനിൽ പ്രാരംഭരാത്രി ഇയ്യോബു 42-മത് അധ്യായത്തെ അധികരിച്ചു വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു റവ..റെജീവ് സുകു.
ഇയ്യോബു ഭക്തനായ പുരുഷനാണെന്ന് ദൈവവും, സാത്താനും, ഭാര്യയും , കൂട്ടുകാരും ഒരുപോലെ സാക്ഷ്യപെടുത്തിയിരിക്കുന്നതു നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന വലിയൊരു വെല്ലുവിളിയാണെന്ന് അച്ചൻ പറഞ്ഞു.നമ്മളെക്കുറിച്ചു അങ്ങനെ ഒരു സാക്ഷ്യം ലഭിക്കുമോ ?അച്ചൻ ചോദിച്ചു.
ജീവിതത്തിൽ എല്ലാം സുരക്ഷിതമാണെന്നും ,ശാന്തമാണെന്നു നിനച്ചിരിക്കുമ്പോൾ ആഞ്ഞടിച്ച ചുഴലി ഇയോബിനുണ്ടായിരുന്ന സർവ്വതും കവർന്നെടുത്തപ്പോൾ ദൈവത്തെ തള്ളിപറയുകയൊ , അവന്റെ വിശ്വസ്തതയെ സംശയിക്കുകയോ ചെയ്യാതെ ദൈവത്തിൽ മാത്രം ആശ്രയിച് പ്രത്യാശയോടെ കാത്തിരുന്നതിനെ ഫലമായി ദൈവം മറ്റൊരു ചുഴലിയിൽ പ്രത്യക്ഷപെടുകയും എന്തെല്ലാം അവനു നഷ്ടപെട്ടുവോ അതിന്റെ പതിന്മടങ്ങു് തിരിച്ചു നൽകിയതായും നാം കാണുന്നു. നീ എന്നെ അറിയുന്നുവെന്നും ,നീ എന്നെ വീണ്ടെടുക്കുമെന്നും ,നിനക്ക് സകലവും സാധ്യമാണെന്നും , നിന്റെ ഉദ്ദേശമൊന്നും അസാധ്യമല്ലെന്നുമുള്ള തിരിച്ചറിവാണ് ഇയ്യോബിന്റെ ജീവിതത്തെ പ്രത്യാശയിൽ നിലനിൽക്കാൻ സഹായിച്ചതെന്നും അച്ചൻ ചൂണ്ടിക്കാട്ടി.ഇയ്യോബിന്റെ പാപം നിമിത്തമോ ,മക്കളുടെ പാപം നിമിത്തമോ അല്ല ജീവിതത്തിൽ പരിശോധനകളും,പ്രതിസന്ധികളും വരുന്നതെന്നും ദൈവ മഹത്വം വെളിപ്പെടുത്തതിനാണെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടു അച്ചൻ പ്രസംഗം അവസാനിപ്പിച്ചു
ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ 10ന് ക്രമീകരിച്ച ഉപവാസ പ്രാർത്ഥനയോടും വൈകിട്ട് 6:30ന് ഗാന ശുശ്രൂഷയോടും കൂടിയാണ് കൺവെൻഷനു തുടക്കം കുറിച്ചത് .കൺവെൻഷനിൽ അധ്യക്ഷത വഹിച്ച ഇടവക വികാരി റവ. ഷൈജു സി ജോയ് പ്രാരംഭ പ്രാർത്ഥനയും ആമുഖ പ്രസംഗവും നടത്തി ടെന്നി കോശി സ്വാഗതം പറഞ്ഞു. അലക്സാണ്ടർ ജോസഫ് മധ്യസ്ഥ പ്രാർത്ഥനക്കു നേത്രത്വം നൽകി റോബിൻ ചേലങ്കരി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.സമാപന പ്രർത്ഥനക്കും യോഗം സമാപിച്ചു. 21 തീയതി ശനി വൈകിട്ട് 6:30ന് ഗാന ശുശ്രൂഷയോട് കൂടി കൺവെൻഷൻ ആരംഭിക്കുമെന്നും എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന പൂർവം കടന്നുവരണമെന്നും പാരിഷ് മിഷൻ സെക്രട്ടറി അലക്സ് കോശി, യുവജനസഖ്യം സെക്രട്ടറി അജി മാത്യു എന്നിവർ അറിയിച്ചു