ലാഹോര്‍: പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒക്‌ടോബർ 21 ശനിയാഴ്ച ജന്മനാട്ടിലെത്തി. യുകെയിൽ നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം ഷരീഫ് ദുബായിൽ നിന്നാണ് പ്രത്യേക വിമാനത്തിൽ പാക്കിസ്താനിലെത്തിയത്.
ഷരീഫും ചില കുടുംബാംഗങ്ങളും മറ്റ് പാർട്ടി അംഗങ്ങളും ചേർന്ന് 150 ഓളം പേർ ദുബായിൽ നിന്ന് ഇസ്ലാമാബാദിലേക്ക് “ഉമീദ്-ഇ-പാക്കിസ്താന്‍” എന്ന ചാർട്ടേഡ് വിമാനത്തിലാണ് ഇസ്ലാമാബാദിൽ വന്നിറങ്ങിയത്. ഇസ്‌ലാമാബാദ് എയർപോർട്ട് ലോഞ്ചിൽ കുറച്ചു നേരം വിശ്രമിച്ച ശേഷം, രാജ്യം വിടുന്നതിന് മുമ്പ് ജയിലില്‍ കിടന്നിരുന്ന ശിക്ഷയ്‌ക്കെതിരെ അപ്പീൽ ഒപ്പിടാനും ഫയൽ ചെയ്യാനും ഷെരീഫ് ലാഹോറിലേക്ക് പറന്നു.
ലാഹോറിലെ അഴിമതി കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ചികിത്സാര്‍ത്ഥം വിദേശത്തേക്ക് പോയത്.
2019-ൽ, ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ ഷരീഫിന് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ തിരിച്ചെത്തിയിരുന്നില്ല.
ശനിയാഴ്ച വൈകുന്നേരം ലാഹോറിൽ പാക്കിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) സംഘടിപ്പിച്ച റാലിയെ ഷെരീഫ് അഭിസംബോധന ചെയ്തു.
ഇന്നലെ, ഇസ്ലാമാബാദ് കോടതി അദ്ദേഹത്തിന് ഒക്ടോബർ 24 വരെ സംരക്ഷണ ജാമ്യം അനുവദിച്ചു, അതായത് കോടതിയിൽ ഹാജരാകുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാൻ കഴിയില്ല. നവാസ് ഷെരീഫിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യാൻ അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫ് തന്റെ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
നിലവിൽ പാക്കിസ്താനില്‍ ഒരു കാവൽ സർക്കാരാണ് അധികാരത്തിലുള്ളത്. ജനുവരിയിൽ വോട്ടെടുപ്പ് നടത്തും.