മലപ്പുറം : സൈബർ പരാതിയിൽ ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്ത് വെൽഫെയർ പാർട്ടി നയിച്ച നിയമ പോരാട്ടത്തിൽ കേരള ഹൈകോടതിയുടെ അനുകൂല ഇടപെടൽ ഉണ്ടായിരിക്കുന്നു. അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ഇരകളെ സംഘടിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി അഡ്വ. അമീൻ ഹസൻ മുഖേന ഹൈകോടതിയിൽ നടത്തിയ നിയമപോരാട്ടത്തിലാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഇരകളുടെ സംഗമം സംഘടിപ്പിക്കുകയും നിയമ പോരാട്ടത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതിന്റ ഫലമാണ് ഈ വിധി.
ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിക്കുന്ന നടപടി പൗരൻമാരുടെ സാമ്പത്തിക സ്വാശ്രയത്വത്തിന് നേരെയുള്ള ബാങ്കുകളുടെയും ഭരണകൂടത്തിന്റെയും കടന്നാക്രമണമായിരുന്നു. ഏതെങ്കിലും സംസ്ഥാനത്തെ സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ആരോ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ചിരുന്നത്.
മരവിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ അക്കൗണ്ടുകളിൽ പലതും ഉപഭോക്താക്കൾ നടത്തിയ നൂറോ ഇരുനൂരോ രൂപയുടെ ട്രാൻസാക്ഷനുകളുടെ പേരിലായിരുന്നു. പലതിലും ക്രൈം രജിസ്റ്റർ പോലും ചെയ്യപ്പെട്ടിട്ടില്ല. അക്കൗണ്ട് ഹോർഡറെ അറിയിക്കുകയോ വിശദീകരണം ആരായുകയോ പോലും ചെയ്യാതെ പോലീസ് നിർദ്ദേശം എന്ന പേരിലായിരുന്നു സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്.
ഫെഡറൽ ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടവയിൽ ഏറെയും. ഇത് സംബന്ധിച്ച് ഉത്തരവാദിത്വം ഒഴിഞ്ഞുകൊണ്ട് ഫെഡറൽ ബാങ്ക് നൽകിയ വിശദീകരണം പൗരൻമാരുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
തീർത്തും അന്യായമായ അക്കൗണ്ട് മരവിപ്പിക്കലിന്റെ പിറകിലെ ഗൂഢാലോചന പുറത്തു കൊണ്ട് വരാൻ സംസ്ഥാന സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. തുടർ നടപടികൾ കൈക്കൊള്ളണം. കാലതാമസം കൂടാതെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.