സിയോൾ/വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും ചേർന്ന് ഞായറാഴ്ച കൊറിയൻ ഉപദ്വീപിന് സമീപം സംയുക്ത വ്യോമാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം. ഇത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ സഹകരണത്തെ അടയാളപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു.
ഉത്തര കൊറിയയുടെ ആണവ, മിസൈൽ ഭീഷണികൾക്കെതിരെ രാജ്യങ്ങളുടെ പ്രതികരണ ശേഷി വിപുലപ്പെടുത്തുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ കൊറിയൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ബി-52 സ്ട്രാറ്റജിക് ബോംബറും മൂന്ന് രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടതായിരുന്നു അഭ്യാസം.
ഓഗസ്റ്റിൽ നടന്ന ക്യാമ്പ് ഡേവിഡ് ഉച്ചകോടിയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ നേതാക്കൾ വാർഷിക, മൾട്ടി-ഡൊമെയ്ൻ ത്രിരാഷ്ട്ര അഭ്യാസങ്ങൾ നടത്താനും പ്രതിസന്ധി ആശയവിനിമയത്തിനായി ഒരു ഹോട്ട് ലൈൻ സ്ഥാപിക്കാനും സമ്മതിച്ചിരുന്നു.
വടക്കൻ കൊറിയയുമായുള്ള പിരിമുറുക്കവും മേഖലയിൽ ചൈനയുടെ സ്വാധീനവും നിലനിൽക്കുന്ന സാഹചര്യത്തിൽ വാഷിംഗ്ടണും അതിന്റെ രണ്ട് ഏഷ്യൻ സഖ്യകക്ഷികളും ചേർന്ന് നടത്തുന്ന ഏറ്റവും പുതിയ ശ്രമമാണ് ഈ വ്യോമാഭ്യാസം.
ഞായറാഴ്ച, ദക്ഷിണ കൊറിയൻ, യുഎസ് നാവികസേനകൾ സൈലന്റ് ഷാർക്ക് എന്ന സംയുക്ത അന്തർവാഹിനി വിരുദ്ധ അഭ്യാസം പൂർത്തിയാക്കിയതായി ദക്ഷിണ കൊറിയൻ നാവികസേന അറിയിച്ചു.