തിരുവനന്തപുരം: മൂന്നു പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ക്രമസമാധാന വകുപ്പ് എഡിജിപി എംആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള 21 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്ന്
അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പോഴേക്കും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ അദ്ദേഹം കുറ്റവാളികളെ വെറുതെ വിടില്ലെന്നും പറഞ്ഞു.
സ്‌ഫോടനം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്‌ഫോടനത്തിന് ശേഷമുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പിണറായി വിജയന്‍ കളമശേരിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ സഹകരണ മന്ത്രി വിഎൻ വാസവനോട് നിർദേശിച്ചു.
ഞായറാഴ്ച വൈകുന്നേരത്തോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎയിലെയും ദേശീയ സുരക്ഷാ സേനയിലെയും അംഗങ്ങൾ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.