കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ ആരാധനയ്ക്കിടെ ഉണ്ടായ ബോംബ് ആക്രമണത്തെ തുടർന്ന് വ്യാജ പ്രചരണങ്ങളുമായി കേരളം കത്തിക്കാൻ സംഘപരിവാർ നടത്തിയ ആസൂത്രിത ശ്രമങ്ങളെ ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളിലൂടെ അത്യന്തം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുമായാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വിദ്വേഷപരമായ ആരോപണങ്ങൾ നിരത്തിയത്.
സ്ഫോടനമുണ്ടായ ഉടനെ തന്നെ പാനായിക്കുളം കേസിൽ സുപ്രീംകോടതി വെറുതെ വിട്ട രണ്ടു മുസ്ലിം ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്ത കേരള പോലീസിന്റെ നടപടി വംശീയ മുൻവിധിയുള്ളതാണ് എന്നും ഇതിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ സ്വൈര്യ ജീവിതത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ അമർച്ച ചെയ്തും സാമൂഹികമായി ഒറ്റപ്പെടുത്തിയും നാടിന്റെ സൗഹാർദവും സാഹോദര്യവും നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തുടർന്ന് വിവിധ ആശുപത്രികളിൽ കഴിയുന്ന പരിക്കേറ്റവരെയും ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു.