കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറകുറേറ്റ് കലൂര്‍ പിഎംഎല്‍എ
കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ആറ് പെട്ടികളിലായാണ് ഇഡി കുറ്റപത്രം കൊണ്ടുവന്നത്. 13,000 പേജുകളാണ്
കുറ്റപത്രത്തിലുള്ളത്. കേസില്‍ 55 പേരെ പ്രതികളാക്കിയിട്ടുണ്ട്. ഏജന്റായിരുന്ന ബിജോയ് കൂടുതല്‍ പണം കൈപ്പറ്റിയതായും, കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബിജോയിയുടെ സ്ഥാപനങ്ങളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇഡി അറസ്റ്റ് ചെയ്ത സതീഷ്, ജില്‍സ്, കിരണ്‍, സിപിഎമ്മിന്റെ കൗണ്‍സിലര്‍ അരവിന്ദാക്ഷന് തുടങ്ങിയവരുടെ പേരുകളാണ് കുറ്റപത്രത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നവരും കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവരും കുറ്റപത്രത്തിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി നാല് പ്രതികളെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട ഇതുവരെ 8775 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് ഇന്നു മുതല്‍ പണം തിരികെ നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. 50,000 രൂപയ്ക്കു മുകളിലുള്ള ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ ഇന്നു മുതല്‍ പിന്‍വലിക്കാം.
നവംബര്‍ 11 മുതല്‍ 50,000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങളും പിന്‍വലിക്കാം. സേവിംഗ്സ് നിക്ഷേപകര്‍ക്ക് നവംബര്‍ 20 മുതല്‍ ബാങ്കിന്റെ എല്ലാ ശാഖകളില്‍ നിന്നും അന്‍പതിനായിരം രൂപ വരെ പിന്‍വലിക്കാമെന്നും സമിതി അറിയിച്ചു.