ന്യൂഡൽഹി: ശബരിമലയിൽ അരവണ ശേഖരം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്ന് അവ നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. അതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും സുപ്രീം കോടതി നിർദ്ദേശം നൽകി.
ജനുവരി മുതൽ ശബരിമലയിൽ സംഭരിച്ച ആറ് ലക്ഷത്തോളം വരുന്ന അരവണ ടിന്നുകൾ നശിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. അരവണ തയ്യാറാക്കാന്‍ ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനി കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. അരവണ നിർമാർജനത്തിനുള്ള രീതിയും സ്ഥലവും നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനും ദേവസ്വം ബോർഡിനും സുപ്രീം കോടതി നൽകിയിട്ടുണ്ട്.
കീടനാശിനി മലിനീകരണം സംബന്ധിച്ച പരാതികളെ തുടർന്ന് അരവണ വിൽപന നിർത്തിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഏലത്തിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് അരവണ വിൽപന കേരള ഹൈക്കോടതി നിരോധിച്ചത്. എന്നാൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധനകൾ നടത്തി അരവണയുടെ ഭക്ഷ്യയോഗ്യത സ്ഥിരീകരിച്ചു. അരവണ ഉൽപ്പാദനം കഴിഞ്ഞ് മാസങ്ങൾക്കുശേഷം ഭക്തർക്ക് വിൽക്കുന്നത് പ്രായോഗികമല്ലെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണ് കുമിഞ്ഞുകൂടിയ അരവണകൾ നശിപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.