വാഷിംഗ്ടണ്‍: ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിനെതിരെ ഇസ്രായേലിന്റെ നിരന്തരമായ കൂട്ടക്കുരുതിയും വംശഹത്യയും തുടരുമ്പോഴും, 320 ദശലക്ഷം ഡോളർ മൂല്യമുള്ള പ്രിസിഷന്‍ ബോംബുകൾ ഇസ്രായേലിന് കൈമാറാൻ അമേരിക്ക പദ്ധതിയിടുന്നു.
പദ്ധതിയുമായി പരിചയമുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് തിങ്കളാഴ്ച ഒരു റിപ്പോർട്ടിൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഒക്ടോബർ 31 ന് കോൺഗ്രസ് നേതാക്കൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പിലൂടെ സ്പൈസ് ഫാമിലി ഗ്ലൈഡിംഗ് ബോംബ് അസംബ്ലികൾ (Spice Family Gliding Bomb Assemblies) ആസൂത്രണം ചെയ്ത കൈമാറ്റം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം കോൺഗ്രസിനെ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു.
സ്പൈസ് ഫാമിലി ഗ്ലൈഡിംഗ് ബോംബ് അസംബ്ലികൾ ഒരു പ്രത്യേക തരം പ്രിസിഷൻ ഗൈഡഡ് ആയുധമാണ്, അത് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുത്തുവിടുന്നു.
ആയുധ നിർമ്മാതാക്കളായ റാഫേൽ യുഎസ്എ, ഇസ്രായേൽ സൈന്യത്തിന് വിന്യസിക്കാൻ ബോംബുകൾ ഇസ്രായേലി മാതൃ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിന് കൈമാറുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിന്റെ 31-ാം ദിവസമാണ് റിപ്പോർട്ട് പുറത്തു വന്നത്.
4,104 കുട്ടികളും 2,641 സ്ത്രീകളും ഉൾപ്പെടെ, വിവേചനരഹിതമായ ഇസ്രായേലി ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 10,022 ആയി ഉയർന്നതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ 31 ദിവസത്തിനിടെ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി ഉയർന്നു.
ഇസ്രായേലിന്റെ ഏറ്റവും വലിയതും പഴയതുമായ സഖ്യകക്ഷിയായ അമേരിക്ക, യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേലിന് ആയിരക്കണക്കിന് ആയുധ ശേഖരം നൽകിയിട്ടുണ്ട്, അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു വശത്ത് വെടിനിര്‍ത്തലിനെക്കുറിച്ചും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും വംശഹത്യയെക്കുറിച്ചും വാചാലരാകുമ്പോഴും, മറുവശത്ത്
യു എസ് ഇസ്രായേലിന് അത്യാധുനിക ആയുധങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണെന്ന് ഫലസ്തീന് അധികൃതര്‍ പറയുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, യുഎസ് ജനപ്രതിനിധി സഭ ഇസ്രായേലിനായി 14.3 ബില്യൺ ഡോളറിന്റെ സൈനിക സഹായ പാക്കേജ് പാസാക്കിയിരുന്നു. എന്നാല്‍, ഇതുവരെ സെനറ്റിന്റെ അംഗീകാരം നേടിയിട്ടില്ല.
“സ്വയം പ്രതിരോധം” എന്ന പേരില്‍ ഗാസയ്ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വാഷിംഗ്ടൺ, അധിനിവേശ ഭരണകൂടത്തോട് അതിന്റെ ആക്രമണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കെതിരെ വീറ്റോ പ്രയോഗിച്ച് അതിന് തടസ്സം സൃഷ്ടിക്കുകയാണ്.
WSJ News Exclusive: The Biden administration is planning a $320 million transfer of precision bombs for Israel, a major weapons deal that comes amid heightened concerns in Congress about the rising civilian death toll https://t.co/0TNMzWqvcB pic.twitter.com/kTxDwoihfQ
— The Wall Street Journal (@WSJ) November 6, 2023