ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിനു കീഴടങ്ങി

ഇന്ത്യാന: ഇന്ത്യാനയിലെ ഒരു ജിമ്മില്‍ വച്ച് തലയ്ക്ക് കുത്തേറ്റ വാല്‍പരാസോ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണ്‍ രാജ് പുച്ച (24) മരണത്തിനു കീഴടങ്ങി. ഫോര്‍ട്‌വെയ്ന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്.

2022 ഓഗസ്റ്റിലാണ് വരുണ്‍ ഉപരിപഠനത്തിന് അമേരിക്കയിലെത്തിയത്. ആന്ധ്രപ്രദേശിലെ ഖമ്മം മാമിലിഗുഡെം സ്വദേശിയായ വരുൺ രാജ് ക്രൂരമായ ആക്രമണത്തെ തുടർന്ന് ജീവനുവേണ്ടി പോരാടുകയായിരുന്നു.

ഇൻഡ്യാനയിലെ വാൽപാറൈസോയിൽ സ്ഥിതി ചെയ്യുന്ന പ്ലാനറ്റ് ഫിറ്റ്‌നസ് ക്ലബിലെ ഒരു പൊതു ജിമ്മിന്റെ മസാജ് റൂമിൽ വെച്ച് ജോർദാൻ ആൻഡ്രേഡ് എന്നയാള്‍ വരുണിന്റെ തലയിൽ കുത്തുകയായിരുന്നു. ദി ടൈംസ് ഓഫ് നോർത്ത് വെസ്റ്റ് ഇന്ത്യാന റിപ്പോർട്ട് ചെയ്ത പ്രകാരം ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന ഈ അക്രമം നടന്നത്.

വരുണ്‍ രാജിനെ ആക്രമിച്ച ജോർദാൻ ആൻഡ്രേഡ് (വലത്ത്)

സംഭവത്തിൽ 24 കാരൻ ജോർദാൻ ആൻഡ്രേഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോർട്ടർ ടൗൺഷിപ്പിലെ താമസക്കാരനാണ് ഇയാൾ. അതേസമയം ആക്രമണത്തിന് മുൻപ് ഇരുവരും തമ്മിൽ ഒരു തരത്തിലുള്ള വാക്കുതർക്കങ്ങളും മറ്റും ഉണ്ടായിരുന്നില്ല എന്നാണ് വിവരം.

ഷിക്കാഗോയ്ക്കടുത്ത വല്‍പറെയ്​സിയോയിലെ സ്വകാര്യ സര്‍വകലാശാലയിലാണ് വരുണ്‍രാജ് പഠിച്ചിരുന്നത്. വരുണിന്‍റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍വകലാശാല അറിയിച്ചു. നവംബര്‍ 16ന് ക്യാമ്പസില്‍ വരുണ്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും.

കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് വകവരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. രാവിലെ ജിമ്മിൽ വെച്ച് ഒരാൾക്ക് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ തലയ്ക്ക് പരിക്കേറ്റ് മസാജ് ചെയറില്‍ ഇരിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കൂടാതെ മുറിയിൽ നിന്ന് ഒരു മടക്കിവെയ്ക്കാവുന്ന കത്തിയും പോലീസ് കണ്ടെടുത്തിരുന്നു.

 

Print Friendly, PDF & Email

Leave a Comment