ന്യൂഡൽഹി: ചൊവ്വാഴ്ചത്തെ പ്രതികൂല കാലാവസ്ഥയ്ക്കിടയിൽ ഡൽഹിയിലെ വായു മലിനീകരണം വീണ്ടും “ഗുരുതരമായ” വിഭാഗത്തിലേക്ക് അടുക്കുന്നു.
തലസ്ഥാനത്തെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 397 ആയി. എല്ലാ ദിവസവും വൈകിട്ട് 4 മണിക്ക് രേഖപ്പെടുത്തിയതനുസരിച്ച് ഞായറാഴ്ച 218 ആയിരുന്നെങ്കില്‍ തിങ്കളാഴ്ച അതിലും മോശമായി 358 ൽ എത്തി.
ഐടിഒ (427), ആർകെ പുരം (422), പഞ്ചാബി ബാഗ് (423), നെഹ്റു നഗർ (450), ആനന്ദ് വിഹാർ (439), എന്നിവയുൾപ്പെടെ നഗരത്തിനുള്ളിലെ പല സ്ഥലങ്ങളിലും വായു മലിനീകരണ തോത് ഗുരുതരമായ വിഭാഗത്തിൽ (എക്യുഐ 400 ന് മുകളിൽ) എത്തിയിരിക്കുകയാണ്.
അയൽപക്കത്തുള്ള ഗാസിയാബാദ് (356), ഗുരുഗ്രാം (386), ഗ്രേറ്റർ നോയിഡ (348), നോയിഡ (364), ഫരീദാബാദ് (384) എന്നിവിടങ്ങളിലും വളരെ മോശം വായു നിലവാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലിനീകരണ തോത് കുതിച്ചുയരുകയും, ദീപാവലി രാത്രിയിൽ ആളുകൾ പടക്ക നിരോധനം ലംഘിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുകമഞ്ഞ് വീണ്ടും വര്‍ദ്ധിക്കുകയും ചെയ്തു.
‘ലോകത്തിലെ ഏറ്റവും മലിനമായ നഗരം’
എയർ ക്വാളിറ്റി മോണിറ്ററിംഗിൽ വൈദഗ്ധ്യമുള്ള സ്വിസ് കമ്പനിയായ IQAir പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹിയായി. ബംഗ്ലാദേശ് തലസ്ഥാനം ധാക്കയും പാക്കിസ്താനിലെ ലാഹോറും ഇന്ത്യയിലെ മുംബൈയും തൊട്ടുപിന്നിലുണ്ട്.
എട്ട് വർഷത്തിനിടയിലെ ദീപാവലി ദിനത്തിൽ ഡൽഹിയിലെ ഏറ്റവും മികച്ച വായു നിലവാരം ഞായറാഴ്ച രേഖപ്പെടുത്തി, 24 മണിക്കൂർ ശരാശരി AQI വൈകുന്നേരം 4 മണിക്ക് 218 ആയി. എന്നാല്‍, ഞായറാഴ്ച രാത്രി വരെ പടക്കം പൊട്ടിച്ചത് മലിനീകരണത്തിന്റെ അളവ് കുതിച്ചുയരാൻ കാരണമായി.
പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ നല്ലതും 51 ഉം 100 ഉം തൃപ്തികരവും 101 ഉം 200 ഉം മിതമായതും 201 ഉം 300 ഉം മോശം’ 301 ഉം 400 ഉം വളരെ മോശം’, 401 ഉം 450 ഉം കഠിനവും 450 ന് മുകളിൽ ഗുരുതരമായ പ്ലസ്’ എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
ദീപാവലിക്ക് ശേഷമുള്ള മലിനീകരണ തോത് വർധിക്കാൻ കാരണം രണ്ട് ഘടകങ്ങളാണെന്ന് വ്യക്തമാണ് – പടക്കം പൊട്ടിക്കലും കൃഷിയിടത്തിലെ തീപിടുത്തവും – ഈ കേസിൽ പടക്കങ്ങളാണ് പ്രധാന കാരണമെന്ന് ഡൽഹി-എൻസിആറിലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വമുള്ള കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധ മലിനീകരണ സ്രോതസ്സുകളെ തിരിച്ചറിയുന്നതിനായി പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി വികസിപ്പിച്ച ഒരു സംവിധാനം അനുസരിച്ച്, ചൊവ്വാഴ്ച തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 12 ശതമാനവും വൈക്കോൽ കത്തിക്കുന്നതാണെന്ന് കണ്ടെത്തി. ബുധനാഴ്ച 14 ശതമാനവും വ്യാഴാഴ്ച 6 ശതമാനവും ആകാനാണ് സാധ്യത.
കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ ഡൽഹിയിൽ 312, 2021ൽ 382, 2020ൽ 414, 2019ൽ 337, 2018ൽ 281, 2017ൽ 319, 2016ൽ 431 എന്നിങ്ങനെയാണ് എ.ക്യു.ഐ രേഖപ്പെടുത്തിയത്.
ദീപാവലിക്ക് ശേഷം ഒരു ദിവസം നഗരത്തിലെ എക്യുഐ 2015ൽ 360, 2016ൽ 445, 2017ൽ 403, 2018ൽ 390, 2019ൽ 368, 2020ൽ 435, 2021ൽ 462, 2021ൽ 302 എന്നിങ്ങനെയായിരുന്നു.
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) എന്ന് വിളിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ വായു മലിനീകരണ നിയന്ത്രണ പദ്ധതിയുടെ അവസാന ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കലും ദേശീയ തലസ്ഥാനത്ത് മലിനീകരണം ഉണ്ടാക്കുന്ന ട്രക്കുകളുടെ പ്രവേശനവും ഉൾപ്പെടെയുള്ള കർശന നടപടികൾ തുടരുമെന്ന് മുകളിൽ ഉദ്ധരിച്ച CAQM ഉദ്യോഗസ്ഥൻ പറഞ്ഞു.