അഹമ്മദാബാദ്: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് പരാജയം ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 240 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിലേ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും മാർനെസ് ലാബുഷാഗും ചേർന്ന് കംഗാരുക്കളെ വിജയത്തിന്റെ വക്കിലെത്തിച്ചു. 43 ഓവറിൽ കംഗാരുക്കൾ വിജയിച്ചു
10 വർഷത്തിന് ശേഷം ഐസിസി കിരീടം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോറ്റതോടെ അവസാനിച്ചു. 2013ൽ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി നേടിയതാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇംഗ്ലീഷിനെതിരെ അഞ്ച് റൺസിനാണ് ടീം ഇന്ത്യ വിജയിച്ചത്. എന്നാൽ വർഷങ്ങളായി ഐസിസി കിരീടം ഇന്ത്യക്ക് കിട്ടാക്കനിയായി.
2014ൽ ബംഗ്ലാദേശിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയോട് തോറ്റിരുന്നു. അന്ന് 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 130 റൺസ് 17.5 ഓവറിൽ ശ്രീലങ്ക മറികടന്നു. 2015ൽ ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. അന്ന് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ 95 റൺസിന് വിജയിച്ചിരുന്നു. 2015ലെ ഏകദിന ലോകകപ്പിലെ തോൽവിക്ക് ശേഷം 2016ൽ ടി20 ലോകകപ്പ് സെമിയിലും 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യ തോറ്റിരുന്നു.
ഇന്ത്യ ആതിഥേയത്വം വഹിച്ച 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്‌റ്റ് ഇന്‍ഡീസാണ് ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്. അന്ന് ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് വിന്‍ഡീസ് മറികടന്നത്. 2017ല്‍ നടന്ന ചാമ്പ്യന്‍ ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനോടും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
പിന്നീട് 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റിരുന്നു. സെമിയിൽ ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തി. അതിന് ശേഷം കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമിയിലെ അതേ തോൽവിയായിരുന്നു ഫലം. ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. വൈറ്റ് ബോൾ ക്രിക്കറ്റിന് പുറമേ, 2021 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ ഫൈനലിൽ കിവീസ് എട്ട് വിക്കറ്റിന് വിജയിച്ചു. 2003 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പ്രതികാരം ചെയ്യാൻ ഇന്ത്യ തീരുമാനിച്ചു, പക്ഷേ കംഗാരുക്കൾ വീണ്ടും ഇന്ത്യയ്‌ക്കെതിരെ വിജയിച്ചു.