കൊല്ലം: കരുനാഗപ്പള്ളി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ആര് രാമചന്ദ്രന് ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 75 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3:55നായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി വിഭജിക്കപ്പെട്ടപ്പോള്‍ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിടുണ്ട്. ദീര്‍ഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012ല്‍ ജില്ലാ സെക്രട്ടറിയായി. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
2016ല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് വരെ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് സിഡ്കോയുടെ ചെയര്‍മാനായിരുന്നു. 1991ല്‍ പന്മന ഡിവിഷനില്‍ നിന്ന് ജില്ലാ
കൌണ്‍സിലിലെത്തി വിജയിച്ചു. 2000ല്‍ തൊടിയൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2004ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.
ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ബുധനാഴ വീട്ടുവളപ്പില്‍ നടക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് അക്കൗണ്ടന്റായി വിരമിച്ച പ്രിയദര്‍ശിനിയാണ് ഭാര്യ. മകള്‍ ദീപാ ചന്ദ്രന്.