ഹോളിവുഡ് താരം ജാമി ഫോക്സ് പുതിയ പ്രതിസന്ധിയിൽ. ഓസ്കാർ ജേതാവ് ജാമി ഫോക്സ് 2015ൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതി രേഖകളിൽ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
2015 ഓഗസ്റ്റിൽ ന്യൂയോർക്ക് സിറ്റിയിലെ ക്യാച്ച് റസ്റ്റോറന്റിന്റെ ടെറസില്‍ വെച്ച് ഫോക്സ് തന്നെ ആക്രമിച്ചതായി യുവതി ആരോപിച്ചു. ആളൊഴിഞ്ഞ ഒരു കോണിലേക്ക് തന്നെ കൊണ്ടുപോയ ശേഷം, ഫോക്സ് തന്റെ അനുവാദമില്ലാതെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വം സ്പർശിക്കുകയും ബലപ്രയോഗം നടത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സെക്യൂരിറ്റി ജീവനക്കാരൻ പീഡനം നടക്കുന്നത് കണ്ടെങ്കിലും ഇടപെട്ടില്ലെന്നും പറയുന്നു.
ഒരു സുഹൃത്ത് സംഭവം കണ്ടപ്പോൾ തന്റെ രക്ഷയ്ക്കെത്തിയതായും യുവതി പറഞ്ഞു. ആക്രമണത്തിന് ശേഷം യുവതിക്ക് ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടി വന്നതായും ഹർജിയിൽ ആരോപിക്കുന്നുണ്ട്. വേദന, കഷ്ടപ്പാട്, വൈകാരിക ക്ലേശം, ഉത്കണ്ഠ, അപമാനം എന്നിവയ്ക്കാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതാദ്യമായല്ല ജാമി ഫോക്സിനെതിരെ പീഡന ആരോപണം ഉയരുന്നത്. 2018ൽ മീടൂ സമരത്തിനിടെ ഒരു സ്ത്രീ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. 2002ൽ താനും ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഒരു സ്ത്രീ പറഞ്ഞതാണ് സംഭവം. എന്നാൽ, ഈ ആരോപണങ്ങൾ താരം നിഷേധിച്ചിരുന്നു.