ലണ്ടൻ: ഗാസ മുനമ്പിൽ സ്ഥിരമായ വെടിനിർത്തലിന് ആഹ്വാനവുമായി പതിനായിരക്കണക്കിന് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ ശനിയാഴ്ച സെൻട്രൽ ലണ്ടനിലൂടെ മാർച്ച് നടത്തി. ഏഴ് ആഴ്ച മുമ്പ് യുദ്ധം ആരംഭിച്ചതിന് ശേഷം തലസ്ഥാനത്ത് സമാനമായ വാരാന്ത്യ പ്രകടനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്.
ശനിയാഴ്ചത്തെ റാലി ഇസ്രായേലും ഫലസ്തീൻ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള നാല് ദിവസത്തെ വെടിനിർത്തലിനിടെയാണ് നടന്നത്. എന്നാൽ, താത്ക്കാലിക വെടിനിര്‍ത്തല്‍ പര്യാപ്തമല്ലെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഗാസയിൽ സ്ഥിരമായ വെടിനിർത്തലിന് ഞങ്ങൾക്ക് പൂർണ്ണ പിന്തുണ ആവശ്യമാണെന്നും, ഗാസയിലെ യുദ്ധം നിർത്തുക എന്നാണ് ഞങ്ങളുടെ ആവശ്യമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
“ഒരു താൽക്കാലിക വിരാമം ഉണ്ടായിരിക്കുന്നത് വളരെ സ്വാഗതാർഹമാണ് … എന്നാൽ, ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കേണ്ടത് ആവശ്യമാണ്,” അവര്‍ പറഞ്ഞു.
നിയമം ലംഘിക്കുന്നതിനെതിരെ പ്രകടനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്ത പോലീസ്, പ്രതിഷേധം ആരംഭിക്കുന്നതിനു മുമ്പ് വംശീയ വിദ്വേഷം വളർത്തിയെന്ന സംശയത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. നാസി ചിഹ്നങ്ങൾ പതിച്ച പ്ലക്കാർഡും ഇയാൾ കൈയ്യിലേന്തിയിരുന്നു.
ഫലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ പോലീസും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും തമ്മിൽ ഈ മാസം ആദ്യം നടന്ന മാർച്ചിൽ ഏറ്റുമുട്ടിയപ്പോൾ 120-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. യഹൂദ വിരുദ്ധതയ്ക്കെതിരായ പ്രതിഷേധം ഞായറാഴ്ച ലണ്ടനിൽ ആസൂത്രണം ചെയ്തിട്ടുണ്ട്, രണ്ട് പ്രതിഷേധങ്ങളും കൈകാര്യം ചെയ്യാൻ 1,500 ലധികം ഉദ്യോഗസ്ഥർ വാരാന്ത്യത്തിൽ ഡ്യൂട്ടിയിലുണ്ടാകുമെന്ന് ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
ഇസ്രയേലിനും ഫലസ്തീൻ അനുകൂല പ്രകടനങ്ങൾക്കും പിന്തുണ നൽകുന്ന പ്രതിഷേധങ്ങളിൽ പോലീസ് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച മുൻ ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാനെ പ്രധാനമന്ത്രി ഋഷി സുനാക്ക് പുറത്താക്കി.