മനുഷ്യ ജീവിതത്തെ ധന്യമാക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ വൈകാരിക ഭാവം സ്നേഹമാണെന്നും അതിന്റെ പരിശുദ്ധവും തീവ്രവുമായ അവസ്ഥയാണ് ഭക്തിയെന്നും അത് മോക്ഷത്തെ പ്രദാനം ചെയ്യുന്നതാണെന്നും മനസിലാക്കിയ, അല്ലെങ്കിൽ അതിനായി ശ്രമിക്കുന്ന കുറച്ചു ആളുകളെ ആധുനിക ലോകത്തിൽ നമുക്ക് ചുറ്റും ഉണ്ടാകാൻ ഇടയുള്ളൂ. അതിൽ തീർച്ചയായും ഉൾപ്പെടുന്ന വ്യക്തിത്വം എന്ന് നിസംശയം പറയാവുന്ന, നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിൽ പ്രത്യേകിച്ച് ഗീതാ മണ്ഡലം ഷിക്കാഗോയുടെ ആധ്യാത്മിക യാത്രയ്ക്ക് ഒരു ദശകത്തിലേറെ ആയി നേതൃത്വം നൽകുന്ന ശ്രീ ആനന്ദ് പ്രഭാകറിനെ മന്ത്ര (മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) യുടെ പുതിയ ആധ്യാത്മിക സമിതി അദ്ധ്യക്ഷൻ ആയി തിരഞ്ഞെടുത്തു.
ആധ്യാത്മിക ഉണർവിനായി നിരന്തരമായ സാധന ആവശ്യമുണ്ടെന്നും ,അത് വേണ്ട രീതിയിൽ സമൂഹത്തിലേക്ക് പ്രതിഫലിപ്പിക്കാൻ സനാതന മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന മന്ത്ര പോലുള്ള സംഘടനകൾക്ക് നിർണായകമായ പങ്കു വഹിക്കാൻ കഴിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .തന്നിൽ നിക്ഷിപ്തമായ ദൗത്യം പൂർവാധികം ഭംഗി ആയി നിർവഹിക്കാൻ സജ്ജനങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നു ശ്രീ ആനന്ദ് പ്രഭാകർ പ്രത്യാശിച്ചു .മന്ത്രയുടെ സ്പിരിറ്റൽ കോർഡിനേറ്റർ കൂടിയായ ശ്രീ മനോജ് നമ്പൂതിരിയുടെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിക്കുന്ന നൂറ്റി എട്ട് ശിവാലയ പര്യടനം ഉൾപ്പടെ ആധ്യാത്മിക മൂല്യമുള്ള പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
പതിറ്റാണ്ടുകൾ ആയി നോർത്ത് അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായ ശ്രീ ആനന്ദ് പ്രഭാകർ ഗീതാമണ്ഡലം ട്രഷറർ ഉൾപ്പടെയുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് . മന്ത്രയുടെ ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് ചടുലതയും ,ഈ രംഗത്ത് സക്രിയമായ പുതിയ ചുവടു വയ്പുകൾക്കുള്ള പ്രചോദനമായും അദ്ദേഹത്തിന്റെ ഈ സ്ഥാന ലബ്ധി സഹായിക്കുമെന്ന് കരുതുന്നതായി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.